കരിയർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

പത്താം ക്ലാസ്സ് കഴിഞ്ഞില്ലേ ? ഇനി എന്താ പ്ലാൻ ?
ജീവിതത്തിൽ എപ്പോഴെങ്കിലും എല്ലാവരും നേരിടേണ്ടി വന്ന ഒരു ചോദ്യമാകും ഇത്

കുട്ടികൾ ചിന്തിക്കുന്നത് , ഇന്ന് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ള മേഖല ഏതാണ് ? ആ മേഖലയിലെ ജോലികൾക്കു ശരാശരി എത്ര ശമ്പളം കിട്ടും ? ഈ മേഖല തിരഞ്ഞെടുത്താൽ സമൂഹം എന്നെ പറ്റി എന്ത് വിചാരിക്കും ?അച്ഛനും അമ്മയും ഈ മേഖലയിൽ പഠിക്കാൻ സമ്മതിക്കുമോ ?

ഭാവിയിൽ എൻ്റെ മകൾ / മകൻ ആരാകും.അവർ തിരഞ്ഞെടുക്കുന്ന തൊഴിലിൽ അവർക്ക് ശോഭിക്കാനാകുമോ ? സമൂഹത്തിലെ നമ്മുടെ നിലക്കും വിലക്കും പറ്റിയ തൊഴിൽ ആകുമോ അത് ? ഇങ്ങനെ പോകുന്നു മാതാപിതാക്കളുടെ ചിന്തകൾ

ഇന്ന് മിക്കവരും സ്വയം പരിചയപ്പെടുത്തുമ്പോൾ അവരുടെ തൊഴിൽ പറയുന്നത് സ്വാഭാവികമാണ്. അതായത് തൊഴിൽ എന്നത് ഉപജീവനമാർഗ്ഗം എന്നതിലുപരി വ്യക്തിത്വത്തിൻ്റെ
തന്നെ ഭാഗമായി മാറിയിരിക്കുന്നു..എന്നാൽ നിർഭാഗ്യവശാൽ ഇന്ന് നാം ഈ സുപ്രധാനമായ കാര്യത്തിൽ തീരുമാനം എടുക്കുന്നത് വേണ്ടത്ര തയ്യാറെടുപ്പുകളോടെയല്ല. ഒരു മൊബൈൽ ഫോൺ വാങ്ങുമ്പോളോ , അല്ലെങ്കിൽ ഒരു യാത്ര പോകുമ്പോളോ നാം എടുക്കുന്ന അത്ര തയ്യാറെടുപ്പ് പോലും ഇന്ന് പലരും അവരുടെ കരിയർ പ്ലാൻ ചെയ്യുന്നതിൽ എടുക്കുന്നില്ല.

ഭാരതത്തിൽ ഭൂരിഭാഗം മാതാപിതാക്കന്മാരും ഇന്ന് സ്വന്തം കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ 12 മുതൽ 18 വർഷം വരെ വിദ്യാഭ്യാസത്തിനായി ചെലവിടുന്നു.18 വർഷത്തെ ഈ തയ്യാറെടുപ്പ് പിന്നീട് വരുന്ന 40
മുതൽ 50 വർഷം വരെയുള്ള അവരുടെ ജീവിതത്തിൽ നിർണായകമാണ് . സ്വന്തം മക്കൾക്ക് പരമാവധി വിദ്യാഭ്യാസം നൽകുന്നതിൽ ഇന്ന് മിക്ക മാതാപിതാക്കന്മാരും ജാഗരൂകരാണ് എന്നത് നല്ല കാര്യം തന്നെ. എന്നാൽ ഈ ശ്രദ്ധ ഡിഗ്രി സമ്പാദിക്കുന്നതിൽ മാത്രം ഒതുങ്ങി നിൽക്കരുത്. നൽകിയ വിദ്യാഭ്യാസം അവർ ഭാവിയിൽ തിരഞ്ഞെടുക്കുന്ന തൊഴിൽ മേഖലക്ക് ഉപയോഗപ്രദമാണോ എന്നും പരിശോധിക്കേണ്ടതുണ്ട് .

വിദ്യാർത്ഥികളുടെ ഭാവി സ്വപ്നങ്ങളെക്കുറിച്ചറിയാൻ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ എട്ടാം ക്ലാസ്സ് മുതൽ പ്ലസ്‌ടു വരെയുള്ള 33000 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ഒരു സർവേയിൽ 78 % പേരും ഭാവി പഠന മേഖല തിരഞ്ഞെടുത്തിട്ടില്ല എന്ന ഉത്തരമാണ് നൽകിയത്. ബാക്കിയുള്ള 22 % പേരും 7 തൊഴിൽ മേഖലകളിൽ നിന്നാണ് ഭാവി പ്ലാൻ തിരഞ്ഞെടുത്തത്.

അനുയോജ്യമായ ഒരു പഠനമേഖല തിരഞ്ഞെടുക്കുന്നതിലുള്ള ഈ
കൺഫ്യുഷൻ താഴെ കാണുന്ന വിവിധ പ്രശ്നങ്ങൾക്ക് വഴി തെളിക്കുന്നു.

1 ) നേടിയ വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം കൂടിവരുന്നു. ഇതുകാരണം ഭാവിയിൽ എത്തിപ്പെടുന്ന മേഖലയിൽ ഉന്നതനിലവാരത്തോടെ പ്രവർത്തിക്കാൻ സാധിക്കില്ല.
ലോകബാങ്ക് ലോകത്തെ വിവിധ വ്യവസായ മേഖലകളിൽ നിന്ന് തിരഞ്ഞെടുത്ത 88 പേരിൽ 64% പേരും തങ്ങൾ ചെയ്യുന്ന ജോലിയിൽ ഉന്നത ഗുണനിലവാരം പുലർത്തുന്നില്ല എന്ന കണ്ടെത്തി.

2 ) കുറഞ്ഞു വരുന്ന തൊഴിൽ സംതൃപ്തി
ടൈമ്സ് ജോബ്‌സ് നടത്തിയ സർവേ പ്രകാരം 10 ൽ 8 പേരും ചെയ്യുന്ന തൊഴിലിൽ സംതൃപ്തരല്ല.

3 ) മിഡ് കരിയർ ക്രൈസിസ്
ഇനി മുന്നോട്ട് എങ്ങനെ എന്നു ചിന്തിച് കൊണ്ട് ഇന്ന് 35 വയസ്സ് പിന്നിടുന്ന ജോലിക്കാരിൽ പലരും മിഡ് കരിയർ ക്രൈസിസ് എന്ന അവസ്ഥയെ അഭിമുഖീകരിക്കുന്നു.

4 ) തൊഴിൽ മേഖലയിലെ അസംപ്‌തൃപ്തി പലരുടെയും സംതൃപ്തമായ കുടുംബജീവിതത്തെയും ബാധിക്കുന്നു.

5 ) സാമൂഹിക നഷ്ടം – ഓരോ വ്യക്തിയും വ്യത്യസ്തമായ കഴിവുകളാൽ അനുഗ്രഹീതരാണ്. എന്നാൽ ഇത് തിരിച്ചറിയാതെ വരുമ്പോൾ അവൻ വ്യക്തതയില്ലാതെ ഏതെങ്കിലും തൊഴിൽ മേഖലയിൽ എത്തിപ്പെടുന്നു. ഇത് കാരണം അവൻ്റെ സ്വാഭാവിക കഴിവുള്ള മേഖലയിലെ ഒരു മികച്ച വ്യക്തിയെ സമൂഹത്തിനു നഷ്ടപ്പെടുന്നു.

6 ) തുടർന്ന് അവരുടെ മക്കളുടെ കാര്യങ്ങളിലും ഈ കാര്യങ്ങൾ ആവർത്തിക്കുന്നു.

അലക്ഷ്യമായ യാത്രകൾ പുതുമ നിറഞ്ഞതും രസകരവുമാണ്.എന്നാൽ അതിലും സുന്ദരമാണ് കൃത്യമായ ലക്ഷ്യത്തോടെയുള്ള യാത്രകൾ. യാത്രയിലെ ക്ഷീണത്തെ തരണം ചെയ്യാനുള്ള ഊർജ്ജം നൽകുന്നത് ലക്ഷ്യമാണ്. താഴെ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാവി ജീവിതയാത്ര കൂടുതൽ സുഖരമാക്കാം

1. സ്വന്തം കഴിവുകളെയും താല്പര്യങ്ങെളയും പറ്റിയുള്ള വ്യക്തമായ ധാരണ.
ഇത് കണ്ടെത്തുക നിസ്സാരമല്ല. ഒന്നോ രണ്ടോ ദിവസങ്ങളല്ല , ഒരു പക്ഷെ വർഷങ്ങളോളം എടുത്തേക്കാവുന്ന ഒരു പ്രക്രിയ ആണ് . ഈ പരിശ്രമത്തിനിടയിൽ ലോകത്തെ മാറ്റങ്ങളോ , മാതാപിതാക്കളുടെയോ മറ്റ് സാമൂഹിക സമ്മർദ്ദങ്ങളോ , നിങ്ങളുടെ സുഹൃത്തുക്കളോ , ഉയർന്ന ശമ്പളമോ, ഒന്നും നിങ്ങളെ സ്വാധീനിക്കരുത്. അങ്ങനെ വന്നാൽ നിങ്ങൾക്ക് യഥാർത്ഥ നിങ്ങളെ കണ്ടെത്താൻ സാധിച്ചെന്ന് വരില്ല

2 . വളരെ നേരത്തെ ആരംഭിക്കുക
സ്വയം അറിയാനുള്ള ഈ പരിശ്രമം നിങ്ങൾ ആരംഭിക്കാൻ വൈകുന്തോറും നിങ്ങളുടെ ഭാവി തീരുമാനങ്ങളിൽ നിങ്ങളെ നയിക്കുന്നത് നിങ്ങളുടെ ആകാംക്ഷകളും ആശങ്കകളും ആകും. തൽഫലമായി നിങ്ങൾക്ക് അനുയോജ്യമല്ലാത്ത കരിയർ മേഖലകളിൽ എത്തിപ്പെട്ടേക്കാം . അതിനാൽ ഹൈസ്‌കൂൾ പഠന ആരംഭവേളയിൽ തന്നെ ഈ പരിശ്രമം ആരംഭിക്കുക. കുറവുകളെപറ്റി ബോധവാനായിരിക്കുന്നത് നല്ലത് തന്നെ . എന്നാൽ അത് ചിന്തിച്ച് സമയം പാഴാക്കരുത്. കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

3 . അറിവല്ല, തിരിച്ചറിവാണ് പ്രധാനം
ഇൻറ്റർനെറ്റ് വിപ്ലവത്തോടെ ഇന്ന് ഏത് കാര്യത്തെക്കുറിച്ചും ഉള്ള അറിവുകൾ നമ്മുടെ വിരൽത്തുമ്പിലുണ്ട്.അതിനാൽ അറിവിനേക്കാളുപരി സ്വന്തം കഴിവുകൾ തിരിച്ചറിയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

4. അടങ്ങാനാവാത്ത അഭിവാഞ്ച പ്രധാനം
ഇഷ്ടാനിഷ്ടങ്ങൾ മാറിക്കൊണ്ടിരിക്കും. അതിനെ ആസ്പദമാക്കി എടുത്തുചാടി നിങ്ങളുടെ കരിയർ തിരഞ്ഞെടുക്കരുത്. ഒരു തൊഴിൽ ഇഷ്ടപ്പെടുന്ന 100 പേർ ഉണ്ടെങ്കിൽ , അതിൽ ആ തൊഴിലിനെ ശരിക്കും മനസ്സിലാക്കി , മടികൂടാതെ ആവേശത്തോടെ അതിൽ പ്രവർത്തിക്കാൻ താല്പര്യപ്പെടുന്നവർ ഒരുപക്ഷെ 30 പേരെ കാണൂ . അതിൽ തന്നെ തൊഴിൽ വൈദഗ്ധ്യം ഉള്ള ഒരുപക്ഷെ 5 പേരെ കാണൂ. ആ 5 ൽ ആ തൊഴിൽ ചെയ്യാൻ അടങ്ങാനാകാത്ത അഭിവാഞ്ച ഉള്ള ഒരാളെ കാണൂ. അവർക്ക് ആ തൊഴിൽ ജീവശ്വാസം തന്നെ ആകും. അവർ ചെയ്യുന്നതിൽ അവർ പരിപൂർണ്ണ സന്തോഷം കണ്ടെത്തും.അവർ തന്നെ ആകും ആ തൊഴിലിൽ അത്ഭുദങ്ങൾ കാണിക്കാൻ പ്രാപ്തരായവർ.

5. ദീർഘവീക്ഷണത്തോടെയുള്ള പരിശ്രമം
അനസ്യൂതം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ നിങ്ങൾ പഠിച്ചിറങ്ങുമ്പോൾ നിങ്ങളുടെ ഇഷ്ടമേഖലയിൽ ഉണ്ടാകാൻ സാധ്യതയുള്ള അവസരങ്ങളെ അന്വേഷിക്കുക. പഠനസമയത്ത് സാധ്യതകൾ ഉള്ള മേഖലകൾ ഒരുപക്ഷെ പഠനം കഴിയുന്ന വേളയിൽ അപ്രത്യക്ഷമായേക്കാം.

6. ശരിയായ ദിശയിലുള്ള ചിന്താഗതികളിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക്
എനിക്കാരാകാൻ സാധിക്കും എന്ന ചിന്തയേക്കാൾ എൻ്റെ കഴിവുകൾ സമൂഹത്തിന് വേണ്ടി എങ്ങനെ ഉപകാരപ്രദമാക്കാം എന്ന ചിന്തക്ക് പ്രാമുഖ്യം നൽകുക. നിർമ്മിത ബുദ്ധിയുടെ അതിപ്രസരം വരുംകാല തൊഴിൽ മേഖലകളിൽ പ്രതിഫലിക്കും എന്നതിൽ തർക്കമില്ല. എന്നാൽ അപ്പോൾ മനുഷ്യൻ്റെ മാത്രമായുള്ള പ്രത്യേകതകൾക്ക് പ്രാധാന്യമേറും. നല്ല ശീലങ്ങൾ ആരംഭിക്കുക. ജീവിതത്തിലുടനീളം സാമൂഹ്യപ്രതിബദ്ധത എന്ന ആശയം മുറുകെ പിടിക്കുക.

7 .എവിടെ പ്രശ്നങ്ങളുണ്ടോ അവിടെ ഒരു സാധ്യത ഒളിഞ്ഞിരിപ്പുണ്ട്.
ലോകത്ത് ഇന്ന് ശാസ്ത്ര സാങ്കേതിക മേഖലയിൽ അറിയപ്പെടുന്ന പലരും സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി പുറപ്പെട്ട തുടർന്ന് ആ മേഖലയിൽ പ്രശസ്തരായവർ ആണ് .അതിനാൽ സ്വയം വൈദഗ്ധ്യം ഉള്ള മേഖലകളിൽ സമൂഹം ഇന്ന് എന്ത് ആവശ്യപ്പെടുന്നു എന്ന് നോക്കുക. അവിടെ നിന്നാരംഭിക്കുക.

8. യൂ ടേൺ എടുക്കാൻ മടിക്കേണ്ട.
എടുത്ത കരിയർ തീരുമാനങ്ങൾ തെറ്റി എന്ന് തിരിച്ചറിഞ്ഞാൽ യൂ ടേൺ എടുക്കാൻ മടിക്കേണ്ട. ഇഷ്ടപ്പെട്ട മേഖലയിലേക്ക് തിരിയാം. വേണ്ട യോഗ്യതകൾക്കായി ഇന്ന് എല്ലാ മികച്ച യൂണിവേഴ്സിറ്റികളും വിവിധ മേഖലകളിൽ പ്രായഭേദമെന്യേ ചെയ്യാവുന്ന ഓൺലൈൻ കോഴ്‌സുകൾ ഓഫർ ചെയ്യുന്നുണ്ട്. ഇതിൽ പലതും നിങ്ങളുടെ നിലവിലെ ജോലിയുടെ കൂടെ ചെയ്യാവുന്നതാണ്. eg : Coursera, edX, Udemy etc

9. കഴിവ് മാത്രമല്ല, കഴിവുകളുടെ കോമ്പിനേഷനും പ്രധാനം
നിങ്ങൾക്ക് ഉള്ള ഒരു കഴിവ് ഒരുപക്ഷെ മറ്റ് പലർക്കും ഉണ്ടായേക്കാം. എന്നാൽ ഈ ലോകത്ത് നിങ്ങൾക്ക് മാത്രമായി ചില പ്രത്യേക കഴിവുകളുടെ കോമ്പിനേഷൻ ഉണ്ടാകും. ആ കോമ്പിനേഷൻ ആവശ്യമായ തൊഴിലുകൾ തിരഞ്ഞെടുത്താൽ നിങ്ങൾക്ക് അവിടെ കൂടുതൽ ശോഭിക്കാം.

10. നൈപുണ്യ പരിശീലനം
അനുയോജ്യമായ മേഖല കണ്ടെത്തിയാൽ അതാത് മേഖലകളിൽ ഉള്ള നൂതനമായ അറിവുകൾ, പ്രായോഗികജ്ഞാനം എന്നിവ വർദ്ധിപ്പിക്കുന്നതിന് നൈപുണ്യപരിശീലനം വളരെ പ്രധാനമാണ്. തൊഴിൽ ചെയ്യാൻ ആരംഭിച്ചാലും ഇത്തരം പരിശീലനങ്ങൾക്ക് സമയം കണ്ടെത്തണം

ഓരോ വ്യക്തിയും ഭൂമിയിലേക്ക് വരുന്നത് ചില പ്രത്യേക ലക്ഷ്യങ്ങളോടെയാണ്. നമ്മൾ ഇവിടെ യാദൃശ്ചികമായി എത്തിയവരല്ല. ചില കടമകൾ നിറവേറ്റേണ്ടതുണ്ട്. ചില കാര്യങ്ങൾ ചെയ്‌ത്‌ തീർക്കേണ്ടതുണ്ട്. ചില നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകേണ്ടതുണ്ട്. ചില നല്ല മാതൃകകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. ആ ലക്‌ഷ്യം കണ്ടെത്താൻ നമുക്ക് ഏവർക്കും പ്രയത്നിക്കാം. അർത്ഥപൂർണ്ണമായ ഒരു ജീവിതം നയിക്കാം.

എല്ലാവർക്കും ശോഭനമായ ഒരു ഭാവി നേരുന്നു..

” ആകാശങ്ങളിലെ വിദൂര നക്ഷത്രങ്ങളെ പഠിക്കാൻ ഞാൻ ജീവിതകാലമത്രയും പരിശ്രമിച്ചു. എന്നാൽ എൻ്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം ഞാൻ തന്നെയായിരുന്നു എന്ന തിരിച്ചറിയാൻ വൈകിപ്പോയി “
– ആൽബർട്ട് ഐൻസ്റ്റീൻ – ൻ്റെ അവസാന കാലത്തെ വാക്കുകൾ

ഗോപകുമാർ പി

Leave a Comment

Your email address will not be published. Required fields are marked *