മനസ്സ് എന്ന കൽപവൃക്ഷം

“നാം എന്ത് തേടുന്നോ അത് നമ്മേ തേടുന്നു “
“What you are Seeking is seeking you”
ഇത് വളരെ സത്യമാണ് എന്ന് ജീവിതത്തിൽ പല അനുഭവങ്ങളിലൂടെയും ബോദ്ധ്യപ്പെട്ടിട്ടുണ്ട്..
ഒരു ചെറിയ ഉദാഹരണം പറയാം.

കുറച്ച് കാലം മുൻപ് ഞാൻ ഒരു ബൈക്ക് വാങ്ങാൻ തീരുമാനിച്ചു.. സ്വാഭാവികമായും ഏതാണ് നല്ല ബൈക്ക് എന്നറിയാൻ അന്വേഷണങ്ങൾ പുരോഗിച്ചു.. പിന്നീട് ഞാൻ പുറത്തിറങ്ങുമ്പോളൊക്കെ കാണുന്നത് ബൈക്കുകൾ മാത്രമായി …. ടൗണിലും, പേപ്പറിലും ,ഇൻ്റർനെറ്റിലും എല്ലാം എവിടെ ബൈക്കുകളേ കുറിച്ച് വിവരങ്ങൾ കാണുന്നോ അവിടെയെല്ലാം ശ്രദ്ധയെത്തി… “ഈ ലോകത്ത് എവിടെ നോക്കിയാലും ബൈക്കുകൾ മാത്രമേ ഉള്ളൂ എന്ന് വരെ ചിന്തിച്ചു ”. ഒടുവിൽ അന്വേഷണങ്ങർ ചുരുക്കി ഹോണ്ട കമ്പനിയുടെ യൂണിക്കോൺ ബൈക്കിൽ എത്തി…. പിന്നെ എവിടെ നോക്കിയാലും യൂണിക്കോൺ ബൈക്കുകൾ !

ഇത് ഒരു ചെറിയ കാര്യത്തിൻ്റെ ഉദാഹരണമാണെങ്കിലും , ചെറിയ കാര്യങ്ങളിൽ മാത്രമല്ല ജീവിതത്തിൻ്റെ ഗതി നിർണ്ണയിക്കുന്ന വലിയ തീരുമാനങ്ങളിലും ഇപ്പറഞ്ഞത് ശരിയാണ് എന്ന് ബോധപൂർവ്വം ചിന്തിച്ചാൽ നമുക്ക് മനസ്സിലാകും..
അറിഞ്ഞോ അറിയാതെയോ നാം സങ്കൽപ്പിക്കുന്ന കാര്യങ്ങൾ തന്നെയാണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത്…

ഭാരതീയ വേദശാസ്ത്രങ്ങളിൽ പാലാഴിമഥന സമയത്ത് ഉയർന്നുവന്ന കൽപവൃക്ഷത്തെ (കൽപതരു ) ആഗ്രഹങ്ങൾ സാധിപ്പിച്ചുതരുന്ന വൃക്ഷമായിട്ടാണ് (wish fullfilling tree) പരാമർശിക്കുന്നത്….

പുട്ടപർത്തിയിലെ ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ആശ്രമ പരിസരത്ത്
ചിത്രാവദി നദിക്കരയിൽ ഒരു പുളിമരമുണ്ട്. ഈ പുളിമരത്തെ കൽപവൃക്ഷമായി ഭക്തർ ആരാധിച്ചു വരുന്നു… സ്വന്തം ആഗ്രഹങ്ങൾ അവിടെ കൽപവൃക്ഷത്തിൽ സമർപ്പിച്ചാൽ സാധിക്കും എന്ന ഉറച്ച വിശ്വാസത്തോടെ ഭക്തർ അവിടം സന്ദർശിക്കുന്നു…. ഭഗവാൻ്റെ കുട്ടിക്കാലത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുമ്പോൾ ഈ പുളിമരത്തിൽ നിന്ന് തന്നെ മറ്റ് കുട്ടികൾ ആവശ്യപ്പെടുന്ന ആപ്പിൾ, ഓറഞ്ച് , തുടങ്ങി പല പഴങ്ങളും ഭഗവാൻ സൃഷ്ടിച്ചു നൽകി…

ഈ ലോകം ഒരു വലിയ ഷോപ്പിംഗ് മാൾ പോലെയാണ്… ഓരോ വ്യക്തികളും അവർക്ക് ആവശ്യമുള്ള സാധനങ്ങൾ തേടിക്കൊണ്ടിരിക്കുന്നു…. എല്ലാവർക്ക് വേണ്ടത് ഇവിടെയുണ്ട്……
ശാന്തിയും സമാധാനവും തേടുന്നവർക്ക് അതും …
ടെൻഷനും അശാന്തിയും സങ്കൽപ്പിക്കുന്നവർക്ക് അതും മനസ്സാകുന്ന കൽപവൃക്ഷം നൽകും….മിക്ക വ്യക്തികളും അവർ എന്താണ് തേടുന്നത് എന്നതിനെക്കുറിച്ച് ബോധവാനല്ല… എൻ്റെ ഗുരുനാഥൻ ശ്രീ പി.ആർ. നാഥൻ എഴുതിയ ഒരു ലേഖനമുണ്ട് – “ഓമനിക്കാൻ ഒരു ടെൻഷൻ ‘… ഇത് ഇന്ന് ഒരു സത്യാവസ്ഥയാണ്… ഏതെങ്കിലും ഒരു ടെൻഷൻ മനസ്സിൽ എപ്പോഴും കാത്തു സൂക്ഷിക്കണം എന്ന അവസ്ഥയാണിന്ന് മിക്ക വ്യക്തികൾക്കും… അസ്വസ്ഥത ആഗ്രഹിക്കുന്നവരും ഈ ലോകത്ത് ഉണ്ട്… ഓരോ വ്യക്തികളുടെയും പ്രവർത്തികളിൽ നിന്ന് അവർ തേടുന്നതെന്ത് എന്ന് മനസ്സിലാക്കാം….

ഈ ലോകത്ത് കാണുന്ന സകല കാര്യങ്ങളും ആദ്യം ഉണ്ടായത് വ്യക്തികളുടെ മനസ്സിലാണ്… അവരുടെ സങ്കൽപ്പമാണ് പിന്നീട് പ്രത്യക്ഷീകരിക്കുന്നത്.
അങ്ങനെ വരുമ്പോൾ നമ്മുടെ സങ്കൽപ്പങ്ങളെ നാം വളരെ ഉത്തരവാദിത്വത്തോടെ നിരീക്ഷിക്കേണ്ടത് അനിവാര്യമല്ലേ….?
രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കുക

1) എനിക്ക് എന്ത് വേണം എന്ന കാര്യത്തിൽ വ്യക്തത

2) ഒന്നാമത്തേതിൽ വ്യക്തത വന്നാൽ ആ കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകൾ കൊണ്ട് മനസ്സ് സമ്പുഷ്ടമാക്കുക… നമ്മുടെ ഓരോ ചിന്തകളും ചുറ്റുപാടിലും ഒരു പ്രതിഫലനം ഉണ്ടാക്കുന്നുണ്ട്… ഒരു കാര്യത്തെക്കുറിച്ചുള്ള ചിന്ത എത്രത്തോളം ശക്തമാക്കുന്നോ അത് പ്രത്യക്ഷീകരിക്കും… വിഷ്വലൈസേഷൻ ടെക്നിക്സ് നമുക്ക് ഏവർക്കും ശ്രമിക്കാവുന്ന കാര്യമാണ്…

മുൻപ് ഉണ്ടായ അനുഭവങ്ങളെ ആസ്‌പദമാക്കിയാണ് സാധാരണ രീതിയിൽ നമ്മുടെ മനസ്സ് തീരുമാനം എടുക്കുന്നത്… ഉദാ:- ഇരിക്കുന്ന ഒരു വ്യക്തിയോട് എഴുന്നേറ്റ് നടക്കാൻ പറഞ്ഞാൽ അത് മനസ്സ് ഉടനെ സ്വീകരിക്കും,.. കാരണം അത് മുൻപത്തെ അനുഭവങ്ങളിൽ ഉണ്ട് .. അതേ വ്യക്തിയോട് പറക്കാൻ പറഞ്ഞാൽ സാധിക്കില്ല എന്ന് മനസ്സ് പറയും…കാരണം മുൻ അനുഭവങ്ങൾ ഇല്ല…

എന്നാൽ ലോകം കണ്ട മാറ്റങ്ങൾ എല്ലാം നമ്മേ പഠിപ്പിക്കുന്നത് ഇന്ന് സാധിക്കാത്ത / നടക്കാത്ത ഒരു കാര്യം നാളെ സാധിച്ചേക്കാം/ നടന്നേക്കാം എന്നാണ്…. നൂറു വർഷം മുൻപെ ഇന്ത്യയിലെ ഒരു വ്യക്തി അമേരിക്കയിലെ ഒരു വ്യക്തിയെ തൽസമയം കണ്ട് കൊണ്ട് സംസാരിക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് ആളുകൾക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുമായിരുന്നില്ല… എന്നാൽ ഇന്ന് വരെ സാധിക്കാത്തത് എന്ന് നാം കരുതുന്ന കാര്യങ്ങൾ നാളെ സാധിച്ചേക്കാം എന്ന് വിശ്വസിച്ചിരുന്നവർ അന്നും ഈ ലോകത്ത് ഉണ്ടായിരുന്നു…
നമ്മുടെ മനസ്സാകുന്ന കൽപവൃക്ഷത്തിൻ്റെ ശക്തി ബോദ്ധ്യപ്പെട്ടവർ….

ഓരോ വ്യക്തിയിലും കുടികൊള്ളുന്ന ഈ അനന്തമായ ശക്തിവിശേഷത്തെ തിരിച്ചറിയുന്നവർ ഭാഗ്യവാൻമാർ തന്നെ….
അവരുടെ ജീവിതത്തിൽ സാഹചര്യങ്ങളല്ല അവരെ നയിക്കുക…. മറിച്ച് അവർ സങ്കൽപ്പിക്കുന്ന രീതിയിൽ സാഹചര്യങ്ങളെ സൃഷ്ടിക്കാൻ അവർക്ക് സാധിക്കും….

നമുക്കും ആവശ്യപ്പെടാം …. മനസ്സാകുന്ന ആ കൽപവൃക്ഷത്തോട്….. ശാന്ത സുന്ദരമായ ഒരു ലോകം കെട്ടിപ്പടുക്കാൻ……🙏

– ഗോപകുമാർ പട്ടാമ്പി

Leave a Comment

Your email address will not be published. Required fields are marked *