അയാൾ ഒരു ഫയർ സ്റ്റേഷനിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്നു… പിന്നീട് വിരമിച്ചെങ്കിലും 65 ആം വയസ്സിലും കുടുംബം പുലർത്താനായി നഗരത്തിലെ ഒരു പാർക്കിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തു വന്നു.. ഒരിക്കൽ ഉടനെയുള്ള കുറച്ച് സാമ്പത്തികാവശ്യത്തിനായി അയാൾക്ക് തൻ്റെ ബൈക്ക് വിൽക്കേണ്ടി വന്നു… വളരെ ചെറുപ്രായത്തിൽ ഒരു ജോലി കിട്ടിയപ്പോൾ വാങ്ങിയ ആ ബൈക്ക് അയാൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു… ആ ബൈക്ക് കൊടുക്കേണ്ടി വന്നതിൽ അയാൾ ദു:ഖിച്ചു….
ഇടക്ക് വന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും, ആരോഗ്യ പ്രശ്നങ്ങളുമെല്ലാം അയാളെ നിരാശനാക്കിയിരുന്നു….
ഒരു ദിനം വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ ഓടി വന്ന് അയാളെ ആലിംഗനം ചെയ്തു….മുഖം കണ്ട് ആളെ പെട്ടെന്ന് അയാൾക്ക് മനസ്സിലായില്ല… പിന്നീട് ആരാണെന്ന് സ്വയം പരിചയപ്പെടുത്തുമ്പോൾ ആ ചെറുപ്പക്കാരൻ്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….
” അങ്ങേക്ക് ഒരു പക്ഷെ എന്നെ ഓർമ്മ കാണില്ല…എൻ്റെ പതിമൂന്നാം വയസ്സിൽ ഞങ്ങളുടെ വീടിന് ഒരപകടം മൂലം തീ പിടിച്ചപ്പോൾ, മരണത്തെ മുഖാമുഖം കണ്ട എന്നെ, സ്വന്തം ജീവൻ തൃണവൽക്കരിച്ചു കൊണ്ടും രക്ഷിച്ചത് അങ്ങാണ്…. അങ്ങയെ എന്നെങ്കിലും ഒരുനാൾ കണ്ട് നന്ദി പറയണം എന്ന ആഗ്രഹം ഉണ്ടായിരുന്നു…. ഇന്ന് എൻ്റെ ഈ ജീവിതത്തിന് അങ്ങയോട് ഞാൻ കടപ്പെട്ടിരിക്കുന്നു… അങ്ങേക്ക് എൻ്റെ സ്നേഹത്തിൻ്റെ ഭാഗമായി എന്തെങ്കിലും നൽകണം എന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു.. അപ്പോഴാണ് അങ്ങയുടെ പ്രിയപ്പെട്ട ബൈക്കിൻ്റെ കാര്യം അറിയുന്നത്… ആ ബൈക്ക് അങ്ങ് വിറ്റ വ്യക്തിയുടെ കൈയ്യിൽ നിന്നും ഞാൻ ഇരട്ടി വിലയ്ക്ക് വാങ്ങി… അങ്ങേക്ക് നൽകാൻ വേണ്ടി…. എൻ്റെ ജീവൻ രക്ഷിച്ചതിന് ഇതൊന്നും പകരമാവില്ല … എന്നാലും എനിക്ക് വേണ്ടി ഇത് സ്വീകരിച്ചാലും… ” :- ഇത്രയും പറഞ്ഞ് കൊണ്ട് ആ ചെറുപ്പക്കാരൻ ബൈക്കിൻ്റെ ചാവി അയാളുടെ കയ്യിലേക്ക് നൽകി..
ഈ ചെറുപ്പക്കാരനെ കണ്ടുമുട്ടൽ അദ്ദേഹത്തിന് ഏറെ സന്തോഷം നൽകി….
തൻ്റെ ജീവിതത്തിനും ഒരു മൂല്യം ഉണ്ടായി എന്ന ചിന്ത
പുതിയ പ്രതീക്ഷകളോടെ ജീവിതം പുനരാരംഭിക്കാൻ അയാൾക്ക് പ്രചോദനമേകി…..
ഓരോ ജീവിതത്തിനും മൂല്യം നൽകുന്നത് മറ്റുള്ളവർക്ക് ചെയ്യുന്ന സേവനങ്ങളാണ്.. സൽക്കർമ്മങ്ങളാണ്… നമുക്കും നന്മകളാകുന്ന വിത്തുകൾ വിതച്ചു കൊണ്ടേയിരിക്കാം… നിസ്വാർത്ഥ സേവനങ്ങൾ നമ്മുടെ ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കും….
– ഗോപകുമാർ