വസ്ത്രങ്ങൾ അലക്ഷ്യമായി ചിന്നിച്ചിതറി കുത്തിനിറച്ച ഒരു അലമാര നമ്മുടെയൊക്കെ വീട്ടിൽ ഉണ്ടായിരിക്കും…. അടുക്കും ചിട്ടയോടുകൂടി വസ്ത്രങ്ങൾ വെക്കണം എന്ന ആഗ്രഹം എല്ലാവർക്കും കാണും… എന്നാൽ അങ്ങനെ സാധിക്കാത്തതിൽ ഉള്ള കുറ്റബോധം നേരിയ തോതിൽ ഉണ്ടെങ്കിൽ കൂടി ദിവസങ്ങൾ കടന്ന് പോകും….. ഈ കാഴ്ച നിത്യേന കണ്ട് വൃത്തിയായി വെക്കാൻ സാധിക്കാത്തതിലുള്ള കുറ്റബോധം കൂടി കൂടി ഒടുവിൽ നമ്മൾ രംഗത്തിറങ്ങും…. കുറച്ച് സമയമെടുത്തായാലും വൃത്തിയായി അടുക്കും ചിട്ടയോടെ വെച്ച ശേഷം ആ അലമാര കാണുമ്പോഴുള്ള സംതൃപ്തി എല്ലാവരും അനുഭവിച്ചിരിക്കും…. അത് കാണാൻ തന്നെ ഒരു സുഖമാണ്….
അപ്പോ പറഞ്ഞ് വരുന്നത് അലമാരയിൽ തുണിയടുക്കി വെക്കുന്നതിനെക്കുറിച്ചല്ല….
സമയക്രമീകരണത്തെക്കുറിച്ചാണ്….. ടൈം മാനേജ്മെൻ്റ് എല്ലാവരും നേരിടുന്ന ഒരു വെല്ലുവിളിയാണ്….. ജീവിതത്തിൽ പല പ്രധാന കാര്യങ്ങൾക്കും സമയമില്ലാതെ ഓടുന്നവരെ കണ്ടിട്ടുണ്ട്…. സമയമില്ല എന്നവർ പറയും…. മിക്കവരുടെ കാര്യത്തിലും യഥാർത്ഥത്തിൽ സമയമില്ലാഞ്ഞിട്ടല്ല മറിച്ച് സമയത്തെ വേണ്ട വിധം ക്രമീകരിക്കാൻ ശ്രമിക്കാഞ്ഞിട്ടാണ് എന്നത് ഒരു വസ്തുതയാണ്….
അലമാരയിൽ വസ്ത്രങ്ങൾ കുത്തിനിറച്ച് വെച്ചാൽ ഇനി ഒട്ടും അതിൽ സ്ഥലമില്ല എന്ന് തോന്നും… എന്നാൽ വസ്ത്രങ്ങൾ നന്നായി അടുക്കും ചിട്ടയായി വെച്ചാൽ ഒരുപാട് സ്ഥലം തിരികെ ലഭിച്ച പോലെ തോന്നും….
ഇത് പോലെ ടൈം മാനേജ്മെൻറിൽ നാം പരിശീലിക്കേണ്ട കാര്യം ഒരു ദിനം നാം നാടിനോ, വീടിനോ , നമുക്കോ ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കലാണ്…. ഓരോ ദിവസത്തെയും ബോധപൂർവ്വം നിരീക്ഷിച്ച് അത്തരം കാര്യങ്ങൾ ഒഴിവാക്കിയാൽ തന്നെ ഒരു പാട് സമയം നമുക്ക് ലാഭിക്കാൻ പറ്റും….
യഥാർത്ഥത്തിൽ നാം ചെയ്യേണ്ട കടമകളെയും , ഉപകാരപ്രദമായ കാര്യങ്ങളെയും എല്ലാം കണ്ടെത്തി അവയുടെ പ്രാധാന്യത്തിന് അനുസരിച്ച് , ഓരോന്നായി സമയബന്ധിതമായി നടപ്പിലാക്കാൻ ശ്രമിച്ചാൽ ജീവിതത്തിൽ അൽഭുതകരമായ മാറ്റങ്ങൾ വരുമെന്നതിൽ തർക്കമില്ല…. ഇനി എപ്പോഴെങ്കിലും സുപ്രധാന കാര്യങ്ങൾക്കൊന്നും സമയമില്ല എന്ന് നാം പറയുമ്പോൾ, ഇവിടെ കൊടുത്ത ഈ അലമാരയിലെ വസ്ത്രങ്ങളുടെ ചിത്രവും അവ നൽകുന്ന സന്ദേശവും നിങ്ങളുടെ മനസ്സിലേക്കോടിയെത്തട്ടെ……
– ഗോപകുമാർ