അദൃശ്യമായ ചങ്ങലകൾ

അദൃശ്യമായ ചങ്ങലകൾ (4 min read)

ഒരാൾ ഒരു സർക്കസ് കൂടാരത്തിന് സമീപത്ത് കൂടെ നടന്നു പോകുകയായിരുന്നു….അവിടെ ചില  ആനകൾ നിൽക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു….. കരയിലെ ഏറ്റവും വലിയ ജിവിയെ കണ്ടാൽ ആരും ഒന്ന് നിന്ന് നോക്കുമല്ലോ….അയാളും അവിടെ നിന്ന് ആനകളെ വീക്ഷിച്ചു… മൂന്ന് വലിയ ആനകളെ നിയന്ത്രിക്കാൻ വെറും ഒരു പാപ്പാൻ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ…. മാത്രമല്ല,  ഓരോ ആനയുടെയും മുൻകാലിൽ  കെട്ടിയ വെറും ഒരു ചെറിയ കയർ  മാത്രമേ അവിടെയുള്ളൂ എന്നയാൾ ശ്രദ്ധിച്ചു… ചങ്ങലകളില്ല…. കൂടുകളില്ല…. ആനകൾക്ക് എപ്പോൾ വേണമെങ്കിലും അവരുടെ ബന്ധനങ്ങളിൽ നിന്ന് എളുപ്പത്തിൽ  പിന്മാറാൻ കഴിയുമെന്ന് വ്യക്തമായിരുന്നു, പക്ഷേ ചില കാരണങ്ങളാൽ അവ ചെയ്തില്ല.

തൊട്ടടുത്തുള്ള ഒരു പരിശീലകനെ കണ്ട അയാൾ ചോദിച്ചു – ” എന്തുകൊണ്ടാണ് ഈ മൃഗങ്ങൾ അവിടെ നിന്ന്  രക്ഷപ്പെടാൻ ശ്രമിക്കാത്തത് ? “

പരിശീലകൻ പറഞ്ഞു – “ഈ ആനകൾ വളരെ  ചെറുതായിരിക്കുമ്പോൾ തന്നെ ഇവിടെ എത്തിയതാണ്…. അവയെ ബന്ധിപ്പിക്കാൻ ഞങ്ങൾ ഒരേ വലുപ്പത്തിലുള്ള ചെറിയ ഒരു  കയറാണ്  ഉപയോഗിച്ചിരുന്നത്…

ആ പ്രായത്തിൽ, അവരെ കെട്ടിയിടാൻ ഇത് മതിയാകും….പിന്നീട്  അവ വളർന്ന് വലുതായപ്പോഴും ആ ചെറിയ കയറിന്  അവയെ ബന്ധനസ്ഥനാക്കാൻ കഴിയുമെന്ന് അവ ദൃഢമായി വിശ്വസിക്കുന്നു… ഈ ചിന്തയാൽ അവ ഒരിക്കലും സ്വതന്ത്രരാകാൻ ശ്രമിക്കുന്നില്ല…”

അയാൾ  അത്ഭുതപ്പെട്ടു…

” ഈ മൃഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അവരുടെ  ബന്ധനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയും… പക്ഷേ അവർക്ക് കഴിയില്ലെന്ന് അവർ വിശ്വസിച്ചതിനാൽ, ഇത്രയും വലിയ ജീവിയായിട്ടും, ശക്തനായിട്ടും  അവർ എവിടെയാണോ അവിടെത്തന്നെ കുടുങ്ങി നിൽക്കുന്നു… “

ഈ കഥയിലെ ആനകളുടെ പോലെ തന്നെയാണ്  നാം ഓരോരുത്തരുടെയും കാര്യങ്ങൾ… ചെറുപ്പകാലം മുതലേ നമ്മുടെ ഉള്ളിൽ ഉറച്ചപ്പോയ  പല തെറ്റായ ധാരണകളും ആണ് പലപ്പോഴും നമ്മുടെ മുന്നോട്ടുള്ള വിജയയാത്രക്ക് തടസ്സമായി നിൽക്കുന്നത്…

“എന്നെക്കൊണ്ട് അത് സാധിക്കില്ല, എനിക്കതിനുള്ള കഴിവില്ല, ഞാൻ ചെയ്താൽ ശരിയാവില്ല, എനിക്ക് അറിവില്ല, എൻ്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് നടക്കില്ല,  എല്ലാം പ്രശ്നങ്ങൾ ആണ്, എനിക്ക് സൗന്ദര്യമില്ല, എനിക്ക് ജോലിയായിട്ടില്ല, മറ്റുള്ളവർ എന്ത് വിചാരിക്കും”-

ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുമ്പോൾ , പുതിയ ഏതെങ്കിലും കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ

ഇങ്ങനെ പോകുന്നു നമ്മുടെ ചിന്തകൾ….

എന്നാൽ ഇത്തരം ചിന്തകളെല്ലാം  നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് തടസ്സമിടുന്ന അദൃശ്യമായ ചങ്ങലകളാണെന്ന് നാം തിരിച്ചറിയുക…. അനന്തമായ ശക്തിവിശേഷം ഓരോ വ്യക്തിയിലും കുടികൊള്ളുന്നു…. ഈ തിരിച്ചറിവ്  അൽഭുതങ്ങൾ സൃഷ്ടിക്കാൻ  നമ്മേ പ്രാപ്തമാക്കും….

പലപ്പോഴും നമ്മുടെ ജീവിതവിജയത്തിന് തടസ്സമായി നിൽക്കുന്നത് നമ്മുടെ തന്നെ ഉള്ളിൽ ഉറച്ചു പോയ ചില തെറ്റായ ധാരണകൾ ആണ്…. ആ ധാരണകളെ അതിജീവിക്കാൻ സാധിച്ചാൽ നമുക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്താം….. കൂടുതൽ ആത്മവിശ്വാസത്തോടെ…. കരുത്തോടെ….ഈ അദൃശ്യമായ ചങ്ങലകൾ നമുക്ക് പൊട്ടിച്ചെറിയാം…. വിജയത്തിലേക്ക്  കുതിക്കാം…..

– ഗോപകുമാർ

————————————————————————————————————————

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top