അദ്ധ്യാപകരെ ഇതിലെ….

ഇന്നത്തെ കാലത്ത്  ഒരു അധ്യാപകന് പറയാൻ കഴിയുന്നതെല്ലാം, ഇന്റർനെറ്റിന് പറയാൻ കഴിയും.

എന്നാൽ അതുകൊണ്ട് ഒരിക്കലും അധ്യാപകരുടെ  പ്രാധാന്യം കുറയുന്നില്ല.. കാരണം കേവലം അറിവുകൾ നൽകൽ മാത്രമല്ല അധ്യാപനം…ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിൽ, ഒരു സമൂഹം, ഒരു രാഷ്ട്രം, കെട്ടിപ്പടുക്കുന്നതിൽ അധ്യാപകർക്ക് ഒരു പ്രധാന പങ്കുണ്ട്….വാസ്തവത്തിൽ ഇന്ന് അധ്യാപകരുടെ പ്രാധാന്യം പലമടങ്ങ് ഉയർന്നിരിക്കുന്നു… ഇന്ന് മിക്കവാറും വിദ്യാർത്ഥികൾക്ക് പഠനവിഷയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയതും ആധികാരികവുമായ അറിവുകൾ ഓൺലൈൻ ആയി ലഭ്യമാണ്… അതിനാൽ വെറും അറിവ് നൽകൽ എന്ന പ്രക്രിയക്ക് വേണ്ടി അധികം സമയം ചെലവഴിക്കേണ്ടതില്ല.. ഇന്നത്തെ സാഹചര്യത്തിൽ  ഒരധ്യാപകൻ പ്രാധാന്യം നൽകേണ്ടത് താഴെ പറയുന്ന കാര്യങ്ങൾക്കാണ്….

– എടുക്കുന്ന വിഷയത്തിൽ ഒരു വിദ്യാർത്ഥിക്ക് താൽപര്യം ജനിപ്പിക്കാൻ ശ്രമിക്കാം. കൂടുതൽ നിത്യജീവിതവുമായി  ബന്ധപ്പെട്ട ഉദാഹരണങ്ങൾ സഹിതം

– കാണാതെ പഠിക്കാതെ ,കാര്യങ്ങൾ മനസ്സിലാക്കി പഠിക്കാൻ പ്രചോദനം നൽകാം

– ഒരു വിദ്യാർത്ഥിയെ അവൻ്റെ കഴിവുകൾ തിരിച്ചറിയുന്നതിന് സഹായിക്കാം

–  കഴിവുള്ള മേഖലകളിൽ വേണ്ട പ്രോൽസാഹനങ്ങൾ നൽകുക.. സാധ്യതകൾ അവർക്ക് മുമ്പിൽ അവതരിപ്പിക്കാം

– ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പിടിച്ച് നിൽക്കാൻ വേണ്ട മാനസികമായ കരുത്ത് നൽകാം…. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ പകർന്ന് നൽകാം…

– ശാശ്വതമായ മാനുഷിക മൂല്യങ്ങൾ  ജീവിതത്തിൽ പകർത്താൻ പ്രചോദനം നൽകാം…

– ക്ലാസിനെ ഒന്നടങ്കം ഒരേ പോലെ കാണാതെ ഓരോ കുട്ടികളെയും അടുത്തറിഞ്ഞ് , അവരുടെ വീട്ടിലെ  സാഹചര്യങ്ങൾ മനസ്സിലാക്കി ഓരോ കുട്ടിയുടെയും ഉന്നമനത്തിനു വേണ്ട പ്രത്യേക പദ്ധതികൾ തയ്യാറാക്കാം

ഇനിയുള്ള കാലങ്ങളിൽ ഒരു അദ്ധ്യാപകൻ  എന്തെങ്കിലും വായിക്കുകയും , ചില വിവരങ്ങൾ നൽകുകയും ചെയ്യുന്ന ഒരു ടേപ്പ് റെക്കോർഡർ ആകരുത്…

അധ്യാപകൻ മതിയായ പ്രചോദനം നൽകുന്നുവെങ്കിൽ, ആ വിഷയം പെട്ടെന്ന് രസകരമായിത്തീരുന്നു…. പഠിപ്പിക്കുന്ന വിഷയത്തിൽ കുട്ടിയുടെ താൽപര്യം വളർത്തിയെടുക്കുന്നതിൽ അധ്യാപകർ ഒരു വലിയ പങ്ക് വഹിക്കുന്നു. ആദ്യത്തെ 15 വർഷങ്ങളിൽ ഒരു കുട്ടി ഏതുതരം സ്വാധീനത്തിൽ പെടുന്നു എന്നത് അവരുടെ ജീവിതത്തെക്കുറിച്ചുള്ള പല കാര്യങ്ങളും നിർണ്ണയിക്കുന്നു… ഈ കാലഘട്ടത്തിൽ കുട്ടികളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ഒരു പക്ഷെ അധ്യാപകർ തന്നെയാണ്….. ഇന്നത്തെ കാലത്ത്  പഠിപ്പിക്കുന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദങ്ങളും ,പിഎച്ച്ഡി കളും എല്ലാം നേടുന്നതിനെക്കാൾ ഒരധ്യാപകൻ  പ്രാധാന്യം നൽകേണ്ടത്  വ്യക്തി ജീവിതത്തിൽ ഒരു  മാതൃകാപരമായ ജീവിതം നയിക്കാനാണ്… ഒരു യഥാർത്ഥ അധ്യാപകൻ എന്നാൽ ആ വ്യക്തിയുടെ സാന്നിധ്യത്തിൽ, കുട്ടികൾ കൂടുതൽ ഉൽസാഹഭരിതർ ആകണം… എത്ര പ്രതിസന്ധികൾ വന്നാലും തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ കുട്ടികൾക്ക് കരുത്തായി അധ്യാപകർ മാറണം….

ഭാവി തലമുറയുടെ  നിർമ്മാണത്തിൽ വേണ്ട പ്രധാന ചേരുവ  മാനുഷിക മൂല്യങ്ങളാണ്…. അത്  പറയാനുള്ളതല്ല മറിച്ച് ആചരിച്ച് കാണിക്കേണ്ടതാണ്…. നമുക്ക് മറ്റൊരു ജീവിതത്തെ ഉയർത്താൻ  കഴിയുമെങ്കിൽ മാത്രമേ ഏതൊരു മനുഷ്യ പ്രവർത്തനത്തിനും പ്രാധാന്യമുള്ളൂ…. അധ്യാപനം എന്നത് മറ്റൊരു ജീവിതത്തെ രൂപപ്പെടുത്താൻ ഉള്ള  ഒരു വലിയ പദവിയാണ്. അത്തരമൊരു പദവി ഒരാളുടെ കൈയിൽ നിക്ഷിപ്തമാകുമ്പോൾ, മാതൃകാപരമായ ഒരു ജീവിതം നയിക്കാൻ അവർ ബാധ്യസ്ഥരാണ്… കേവലം A+ കാരെ സൃഷ്ടിക്കുന്ന ഫാക്ടറികളല്ല, മറിച്ച് മനുഷ്യരെ വാർത്തെടുക്കുന്ന മഹത്തായ സ്ഥാപനങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മാറണം,.. അതിന്

മികച്ച അധ്യാപകരിലൂടെ മാത്രമേ സാധിക്കൂ…..

– ഗോപകുമാർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top