“എത്ര ശ്രമിച്ചിട്ടും മനസ്സ് അടങ്ങുന്നില്ല.. പ്രശ്നങ്ങൾ ഉലയ്ക്കുകയാണ് “…. ആർത്തലച്ച് ഇളകി മറിയുന്ന മനസ്സ് ശാന്തമാക്കാനായി യുവാവ് ഗുരു സമീപം എത്തി… ഇത് കേട്ട ഗുരു അയാളെയും കൂട്ടി നഗരത്തിലെ ഏറ്റവും തിരക്കുള്ള ഒരു ജംഗ്ഷനിൽ ചെന്നു.
എന്നിട്ട് ചോദിച്ചു… ഇപ്പോൾ എന്ത് തോന്നുന്നു ?
വഴിയാത്രക്കാരുടെയും, കച്ചവടക്കാരുടെയും തിരക്കും വാഹനങ്ങളുടെ ഹോണടി ശബ്ദവും നിറഞ്ഞു നിന്ന ആ സ്ഥലത്ത് നിന്ന ശിഷ്യൻ പറഞ്ഞു – ” ഗുരോ, എൻ്റെ മനസ്സ് കൂടുതൽ അശാന്തമായ പോലെ തോന്നുന്നു”
ഗുരു ശിഷ്യനെ കൂട്ടി വീണ്ടും നടന്നു…. അടുത്തത് പോയത് അതേ ജംഗ്ഷനിൽ ഉള്ള ഒരു ബഹുനില കെട്ടിടത്തിലേക്കാണ്… ഏറ്റവും ഉന്നത നിലയിൽ എത്തിയ ശേഷം താഴോട്ട് നോക്കി എന്താണ് അനുഭവപ്പെടുന്നത് എന്ന് ഗുരു ചോദിച്ചു
ശിഷ്യൻ പറഞ്ഞു :- ” ഇപ്പോൾ ഒരു ശാന്തത അനുഭവപ്പെടുന്നുണ്ട്… “
ഗുരു പറഞ്ഞു – ” നോക്കൂ , തിരക്കിനിടയിൽ പെട്ടപ്പോൾ അരോചകമായി തോന്നിയ അതേ കാര്യങ്ങൾ നീ ഇപ്പോൾ ഈ ഉന്നതമായ നിലയിൽ നിന്ന് വീക്ഷിക്കുമ്പോൾ വളരെ ശാന്തമായി തോന്നുന്നു… ഇത് പോലെ ഈ ലോകത്തെ തിരക്കിൽ പെട്ട് ഉഴലാതെ നാം നമ്മുടെ മനസ്സിനെ ഉയർത്തണം…. ക്രമേണ ചുറ്റുമുള്ള ഏത് സന്ദർഭവും നമ്മേ ബാധിക്കില്ല… ആദ്യമൊക്കെ മനസ്സ് വലിയ ബഹളം കൂട്ടും… വിട്ടുകൊടുക്കരുത്… സത്കാര്യങ്ങളിൽ സദാ മുഴുകണം…. ക്രമേണ ശാന്തമായ മനസ്സ് നമുക്ക് കാണാനാകും…. ഇപ്പോൾ നമ്മെ അലട്ടുന്നത് പൂർവ്വ വാസനകളും, കർമ്മഫലങ്ങളുമാണ്…. വിഷമിക്കരുത്….. നേരിടുക…. ജയം നമുക്ക് ഉറപ്പാണ് “
ജീവിതനിലവാരം നിശ്ചയിക്കുന്നത് നമ്മുടെ, ധനമോ, അധികാരമോ, അറിവോ, പദവിയോ അല്ല.. മറിച്ച് നമ്മുടെ ചിന്തകളാണ്…. നല്ല ചിന്തകളിലൂടെ മനസ്സിനെ നമുക്കുയർത്താം…. കരുത്തരാകാം….
– ഗോപകുമാർ