ഓരോ ദിനവും ഏറ്റവും നല്ല ഒരു അനുഭവമാക്കി നമുക്ക് മാറ്റാൻ സാധിക്കും. ചില ചിന്തകൾ പങ്ക് വെക്കാം..
1) രാത്രി കിടക്കുന്നതിന് 30 മിനിറ്റ് മുൻപ് എങ്കിലും മൊബൈൽ ഫോൺ, ടി. വി ഇവയെല്ലാം മാറ്റി മനസ്സിനെ ശാന്തമാക്കുന്നത് നല്ലതാണ്.. തിരക്കുകൾക്കിടയിൽ ഇന്ന് പലരും ഉറക്കത്തിലേക്ക് വഴുതി വീഴുകയാണ്.. ഇതല്ല വേണ്ടത്…. മറിച്ച് കിടക്കുന്നതിന് മുൻപ് നല്ല ചിന്തകൾ ബോധപൂർവ്വം കൊണ്ടുവരുന്നത് നല്ലതാണ്….
2) തൊട്ടടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒന്ന് ചിന്തിച്ച് സങ്കൽപ്പിക്കുന്നത് നല്ലതാണ്.. സമയക്രമീകരണത്തെക്കുറിച്ചും വളരെ വിശദമായി സാധിച്ചില്ലെങ്കിലും ഒരു ഏകദേശ ധാരണ നല്ലതാണ്.. എത്രത്തോളം വ്യക്തതയോടെ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നോ അത്രയും ഭംഗിയായി ആ കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും…
3) ബാല്യകാലം പിന്നീടുള്ള ജീവിതത്തിൻ്റെ ഗതിയിൽ പ്രധാനമാണ് എന്ന് പറയുന്ന പോലെ ഒരു ദിവസത്തിൻ്റെ ബാല്യമാണ് പ്രഭാതം. പ്രഭാതത്തിൽ നേരത്തെ ഉറക്കമുണർന്ന് സാവധാനം നാം കർമ്മനിരതനാകണം… എഴുന്നേറ്റ ശേഷം ആദ്യം വരുന്ന ചിന്തകൾ വളരെ പ്രധാനമാണ്… ഈ ദിനം എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ദിനം ആയിരിക്കും എന്ന് ദൃഢമായ ഒരു ചിന്ത തന്നെ നിങ്ങളുടെ ആ ദിനത്തെ അൽഭുതകരമായി മാറ്റി മറിക്കാം…
4) പ്രഭാതത്തിൽ ആലസ്യം നമ്മേ ബാധിച്ചാൽ ആ ദിനത്തെ മുഴുവൻ അത്, ബാധിക്കും.., എന്ന് കരുതി തിരക്കിട്ട് കാര്യങ്ങൾ ചെയ്യേണ്ട… ശാന്തമായി ഓരോ പ്രവർത്തനങ്ങങ്ങളായി ചെയ്തു തുടങ്ങുക…
ഇത്രയും നിസ്സാരമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഓരോ ദിനവും നമുക്ക് ഏറ്റവും സുന്ദരമായ ഒരനുഭവം ആക്കാം… നമുക്ക് ഒരു ബാങ്ക് എക്കൗണ്ട് ഉണ്ടെന്ന് കരുതുക… ആ എക്കൗണ്ടിൽ എന്നും 86, 400 രൂപ താനെ ക്രെഡിറ്റ് ആകും… ആ തുക നമുക്ക് സൗജന്യമായി ഉപയോഗിക്കാം… പക്ഷെ ആ ദിവസം അവസാനിക്കുന്നതിന് മുൻപ് ഉപയോഗിച്ചു തീർക്കണം…. ദിവസം അവസാനിക്കുമ്പോൾ നമ്മൾ ഉപയോഗിക്കാത്ത തുക ബാങ്ക് തിരിച്ചെടുക്കും…. അങ്ങനെയാണെകിൽ നാം എന്ത് ചെയ്യും? ദിനം അവസാനിക്കുന്നതിന് മുൻപ് ഓരോ തുകയും എങ്ങനെ ചിലവാക്കണം എന്ന് വ്യക്തമായി പ്ലാൻ ചെയ്ത് നടപ്പിലാക്കും…
ഇത് പോലെ നമുക്ക് ഏവർക്കും ഒരു ബാങ്ക് ഉണ്ട്.. കാലമാകുന്ന ബാങ്ക്…..
നിത്യേന നമുക്ക് 86,400 സെക്കണ്ട്സ് നമ്മുടെ എക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയി നൽകും…
വെറുതേ പാഴാക്കിക്കളഞ്ഞ സമയം രാത്രി നമ്മളിൽ നിന്ന് തിരികേ വാങ്ങും….
മനുഷ്യജീവിതം അമൂല്യമാണ്…. ഒരു നിമിഷം പോലും പാഴാക്കാതിരിക്കാം…. ഓരോ ദിനവും പുത്തൻ സാധ്യതകളാണ്….. അത് മനസ്സിലാക്കുന്നവരുടെ ജീവിതം അർത്ഥപൂർണ്ണമാകും എന്നതിൽ സംശയമില്ല….
– ഗോപകുമാർ