എത്ര ശ്രമിച്ചിട്ടും ശരിക്കും പഠിക്കാൻ സാധിക്കുന്നില്ല ?
ഇങ്ങനെ ഒരവസ്ഥ പഠന കാലത്ത് ഒരു പക്ഷെ എല്ലാവരും നേരിട്ടുകാണും…
ഇത് വായിക്കുന്നവർ സ്കൂളിലോ, കോളേജിലോ, തൊഴിലന്വേഷണത്തിലോ ഏതുമായിക്കൊള്ളട്ടെ നിങ്ങൾക്ക് പഠനം എളുപ്പമാക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്…
മിക്ക വിദ്യാർത്ഥികളും പഠിക്കാനുള്ള പ്ലാനുകൾ ഭംഗിയായി തയ്യാറാക്കും… പക്ഷെ പിന്നീട് അത് നടപ്പിലാക്കാൻ സാധിക്കാത്തതിൽ ഖേദിച്ച് ഇരിക്കുകയും ചെയ്യും….
പ്ലാനുകൾ വേണ്ട എന്നല്ല , അതോടൊപ്പം ചില കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പഠനം വളരെ എളുപ്പവും രസകരമായും മുന്നോട്ട് പോകും…
കഴിഞ്ഞ ദിവസം വെറുതേ ചിന്തിച്ച് നോക്കിയപ്പോൾ സ്കൂൾ ,കോളേജ് കാലഘട്ടങ്ങളിലായി വലുതും ചെറുതുമായി ഏകദേശം ആയിരത്തോളം പരിക്ഷകൾ ആകെ മൊത്തം എഴുതിക്കാണും….! അതിനാൽ ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ എല്ലാം സ്വന്തം അനുഭവങ്ങളിൽ നിന്നും ബോദ്ധ്യപ്പെട്ട് എഴുതുന്നതാണ്… അതു കൊണ്ട് തന്നെ ഈ വഴികൾ നിങ്ങളുടെ പഠനത്തെ എളുപ്പമാക്കും എന്ന് 100 % എനിക്ക് ഉറപ്പാണ്…. പരീക്ഷ എഴുതാനായിട്ടല്ലെങ്കിലും അറിയാൻ വേണ്ടി ഇപ്പോഴും പല കാര്യങ്ങളും പഠിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ… അതു കൊണ്ട് ഇവിടെ പറയുന്ന പഠന രീതി ഇപ്പോഴും പ്രാവർത്തിക്കമാക്കിക്കൊണ്ടിരിക്കുന്നു…
ഇനി കാര്യം പറയാം
പഠനം ഏറ്റവും ഫലപ്രദമാകണെമെങ്കിൽ പഠിക്കാൻ ഇരിക്കുന്നതിന് മുമ്പുള്ള നമ്മുടെ മാനസിക ഒരുക്കം വളരെ വളരെ പ്രധാനമാണ്…. ( ശരിക്ക് പറഞ്ഞാൽ പഠനം മാത്രമല്ല , ജീവിതത്തിലെ ഏത് കാര്യത്തിനും ) …കുറേ പാoങ്ങൾ പഠിക്കാനുണ്ട്… എങ്ങനെയെങ്കിലും പഠിച്ച് തീർക്കണം എന്ന് മാത്രം ചിന്തിച്ച് ധൃതികൂട്ടി പഠിക്കാനാരംഭിച്ചാൽ ഫലം കൂടുതൽ ടെൻഷനടിക്കുക എന്നല്ലാതെ പ്രത്യേകിച്ച് കാര്യമില്ല…. എത്ര നേരം നിങ്ങൾ പഠിക്കാനിരുന്നു എന്നല്ലല്ലോ മറിച്ച് എത്ര കാര്യങ്ങൾ മനസ്സിലാക്കി എന്നതിലാണ് കാര്യം… വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ നിങ്ങൾക്ക് സാധിക്കും…
അതിന് ഏറ്റവും പ്രധാനമായ കാര്യം ആണ് പഠനത്തിന് മുൻപുള്ള നമ്മുടെ മാനസികമായ ഒരുക്കം…..
ഗവേഷണങ്ങൾ പറയുന്നത് ഏത് കാര്യത്തിലും ഉള്ള വിജയത്തിൻ്റെ ഫോർമുല
90% ഒരുക്കം + 10% പ്രവർത്തനം = വിജയം എന്നാണ്..
ആ ഒരുക്കത്തിൻ്റെ ഭാഗമായി നിങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ചെയ്ത് ഒന്ന് പരീക്ഷിച്ച് നോക്കൂ, മികച്ച രീതിയിൽ നിങ്ങളുടെ പഠനം മുന്നോട്ട് പോകുന്നത് കാണാം… പരീക്ഷക്കിനി എത്ര ദിവസം ഉണ്ട്… ഇനി എത്ര വിഷയങ്ങൾ പഠിക്കാനുണ്ട്… ഇതിൻ്റെയടിസ്ഥാനത്തിൽ ഏതൊക്കെ വിഷയങ്ങൾ ഏതെല്ലാം സമയത്ത് പഠിക്കണം എന്ന ഒരു ടൈംടേബിൾ ആദ്യം ഉണ്ടാക്കണം… അതിന് ശേഷം പഠിക്കാനിരിക്കുന്നതിന് മുൻപ്
താഴെ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുക
1) പഠിക്കാൻ പോകുന്ന ഭാഗങ്ങൾ ഏതെല്ലാമാണ്, എത്ര സമയത്തിനുളളിൽ തീർക്കാൻ സാധിക്കും എന്ന് ഒരു 2 മിനിറ്റ് നേരം കണ്ണടച്ച് മനസ്സിൽ ഉറപ്പിക്കുക. ഇത് പ്ലാനിൽ ഒരു വ്യക്തത കൊണ്ടുവരാൻ ഉപകരിക്കും…
2) യദ്ഭാവം തദ്ഭവതി എന്ന് കേട്ടിട്ടുണ്ടാകുമല്ലോ .. അതായത് നിങ്ങളുടെ ഭാവം എങ്ങനെയാണോ അത് ഭവിക്കും…, സാധാരണയായി പല വിദ്യാർത്ഥികളും അലസത കൊണ്ടോ , അല്ലെങ്കിൽ പഠിക്കുന്ന വിഷയത്തിൽ താൽപര്യമില്ലാത്തത് കൊണ്ടോ, അല്ലെങ്കിൽ കുറേ പഠിക്കാനുണ്ട് എന്ന ടെൻഷൻ കൊണ്ടോ ഒക്കെ ശപിച്ച് കൊണ്ടും/ഒരു വെപ്രാളത്തിലും / എല്ലാമാണ് പഠിക്കാനിരിക്കുക… ഈ പ്രവണത നാം ആദ്യം മാറ്റണം
4 കാര്യങ്ങൾ പഠിക്കാനിരിക്കുമ്പോൾ ഉറപ്പ് വരുത്തണം..
– തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ
– തികഞ്ഞ സന്തോഷത്തോടെ
– അതീവ താൽപര്യത്തോടെ
(എത്ര താൽപര്യമില്ലാത്ത വിഷയം ആയാലും നാം പരിശ്രമിച്ചാൽ കുറച്ചൊക്കെ നമ്മുടെ മന:സ്ഥിതി മാറ്റാം.. ആ വിഷയവും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിന്തിച്ച് നോക്കാം…. താൽപര്യം ജനിപ്പിക്കാൻ ഉപകരിക്കും )
– മാർക്ക് ലഭിക്കാൻ മാത്രമായി പഠിക്കരുത്… കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി പഠിക്കുക… ആ സമീപനം നിങ്ങൾക്ക് ക്രമേണ നല്ല മാർക്കും വാങ്ങിത്തരും….
3) പഠന സാമഗ്രികൾ ഒരുക്കൽ : പഠിക്കാൻ ഇരിക്കുന്നതിന് മുൻപ് തന്നെ പഠിക്കേണ്ട വിഷയത്തിൻ്റെ സിലബസ് നോക്കി കൃത്യമായ മെറ്റീരിയൽസ് ഓർഡർ പ്രകാരം അടുക്കും ചിട്ടയോടു കൂടി ഒരുക്കി വെക്കുക… പഠനത്തിനിടക്ക് ഇടക്ക് നമുക്ക് ആവശ്യം വരാൻ സാധ്യതയുള്ള എല്ലാം സാധനങ്ങളും ഒരുക്കി വെക്കുക.. (ഉദാ:- notebook, textbook, pen, rough papers, instrument box, drinking water etc)
4) പഠനസ്ഥലം സജജീകരിക്കുക: നല്ല സൂര്യപ്രകാശം ലഭിക്കുന്ന / വെളിച്ചം ഉള്ള റൂമുകൾ … വൃത്തിയായി അടുക്കും ചിട്ടയോടെ എല്ലാം ഉള്ള മുറി തിരഞ്ഞെടുക്കുക… ബെഡിൽ കിടന്നുള്ള പഠനം ഉറക്കത്തിലേക്ക് കൊണ്ടുപോകാൻ സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കുക… ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ചിത്രങ്ങളോ , ഗ്രന്ഥങ്ങളോ, ഗാഡ്ജെറ്റുകളോ എല്ലാം ഒഴിവാക്കുക..
5) ആഹാരം കഴിച്ച ശേഷം പഠിക്കാനിരിക്കുന്നതാണ് ഉത്തമം… കുറേ ഏറെ ഭക്ഷണം കഴിച്ചാൽ ഉറക്കം വരാനുള്ള സാധ്യത കൂടുതലാണ്… അതിനാൽ മിതമായ സാത്വിക ആഹാരങ്ങളാണ് ഏറ്റവും ഉത്തമം…
മുകളിൽ പറഞ്ഞ 4 കാര്യങ്ങളും ഓക്കെ ആയാൽ തന്നെ നിങ്ങൾ ഏറെ ദൂരം മുന്നിലായി….
ഇനി നിങ്ങൾ ഒന്ന് പഠിക്കാൻ ഇരുന്ന് നോക്കൂ,,,, വളരെ വേഗത്തിൽ പഠിക്കാൻ സാധിക്കും….
ഒരുക്കങ്ങൾക്ക് ശേഷം പഠനം തുടങ്ങിയാൽ താഴെ പറയുന്നവ ശ്രദ്ധിക്കുക
– ആദ്യം തന്നെ ഉള്ളതിൽ വെച്ച് ഏറ്റവും കഠിനമായി തോന്നുന്ന കാര്യങ്ങൾ പഠിക്കാതിരിക്കുക… ഒരു തുടക്കം കിട്ടാൻ ഏറ്റവും നല്ലത് എളുപ്പ ഭാഗങ്ങളിൽ നിന്ന് പഠനം ആരംഭിക്കുകയാണ്… പിന്നീട്ട് ആരംഭം കുറിച്ചാൽ മെല്ലെ കഠിനമായ പാഠഭാഗങ്ങളിലേക്ക് കടക്കാം
– ശ്രദ്ധയോടെ വായിച്ച് കാര്യങ്ങൾ മനസ്സിലാക്കുക… ബുദ്ധിമുട്ട് തോന്നുന്ന ഭാഗങ്ങൾ ഉണ്ടെങ്കിൽ വീണ്ടും മനസ്സിലാക്കാൻ ശ്രമിക്കുക… എന്നിട്ടും പിടി കിട്ടുന്നില്ലെങ്കിൽ അവ അവസാനത്തേക്ക് മാറ്റിവെക്കുക… പിന്നീട് ഏതെങ്കിലും സുഹൃത്തുക്കളിലൂടെയോ / ഓൺലൈൻ പഠന വീഡിയോസിലൂടെയോ അവ മനസ്സിലാക്കാൻ ശ്രമിക്കാം
– പഠിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് ചെറിയ ചെറിയ കുറിപ്പുകൾ/ ചാർട്ടുകൾ / ചിത്രങ്ങൾ ഒക്കെ ഉണ്ടാക്കുന്നത് മനസ്സിലായ കാര്യങ്ങൾ ഉള്ളിൽ ഊട്ടിയുറപ്പിക്കുന്നതിനും പിന്നീട് ഓർത്തെടുക്കുന്നതിനും ഉപകാരപ്രദമാകും… കൂടാതെ പരീക്ഷയുടെ തലേനാൾ ഒരുക്കത്തിനും അവ ഉപകാരപ്രദമാകും
– പഠനം തുടങ്ങി ഒരു 20 മിനിറ്റ് കഴിഞ്ഞാൽ ഒരു ചെറിയ 5 or 10 മിനിറ്റ് ബ്രേക്ക് എടുക്കുക…. ആ ബ്രേക്ക് സമയം മൊബൈൽ നോക്കാനോ അല്ലെങ്കിൽ ടി.വി. കാണാനോ അല്ല മറിച്ച് റൂമിൽ ഒന്ന് നടക്കാനോ / ചെറിയ സ്ട്രെച്ചൗട്ട് വ്യായാമങ്ങൾ ചെയ്യാനോ/കണ്ണടച്ച് ഒന്ന് റിലാക്സ് ചെയ്യാനോ എല്ലാം ഉപയോഗിക്കാം…
ഈ റിലാക്സേഷൻ അധിക സമയം നീളാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം….
നിങ്ങൾ പ്ലാൻ ചെയ്ത പോലെ കുറച്ച് പാഠഭാഗങ്ങൾ പഠിച്ച് തീർക്കാൻ പറ്റിയാൽ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കുന്നത് കാണാം….. ഈ ആത്മവിശ്വാസം പിന്നീടുള്ള നിങ്ങളുടെ പഠനങ്ങളിൽ പ്രകടമായി തുടങ്ങും…. പഠനം, പരീക്ഷ എന്നത് ഒരു വിരസമായ, ടെൻഷനടിപ്പിക്കുന്ന പ്രക്രിയയിൽ നിന്ന് മാറി നല്ല ഒരു അനുഭവം ആയി മാറും…. നിങ്ങൾ ഉന്നതമായ മാർക്കോടെ വിജയങ്ങളിലെത്തുകയും ചെയ്യാം….
ഇത്തരം മാനസികമായ ഒരുക്കം ജീവിതത്തിലെ ഏതൊരു കാര്യത്തിനും പിന്തുടർന്നാൽ നിങ്ങൾക്ക് ജീവിത പരീക്ഷയിലും ഏ പ്ലസ് വാങ്ങി തിളങ്ങാം…!
എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ നേരുന്നു
– ഗോപകുമാർ