ഒരു കാര്യം ചെയ്യണം എന്ന് അതിയായ ആഗ്രഹം ഉണ്ട്…. എന്നാൽ എത്ര ശ്രമിച്ചിട്ടും ചെയ്യാൻ സാധിക്കുന്നില്ല…. ഇങ്ങനെയുള്ള സന്ദർഭങ്ങൾ നമുക്കേവർക്കും ഉണ്ടായിട്ടുണ്ടാകും…. ചെയ്യണം എന്നുണ്ട്, പക്ഷെ ഒരു മൂഡില്ല… ഇങ്ങനെയൊക്കെ നാം പറയും…..എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്….?
മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഒരു കെമിസ്ട്രി മനസ്സിലാക്കുന്നത് നല്ലതാണ്….ഏത് കാര്യം ചെയ്യാനും നമുക്ക് മനസ്സെന്ന സുഹൃത്തിനെ കൂട്ടുപിടിച്ചേ പറ്റൂ…. എന്നാൽ നിർബന്ധപൂർവ്വം മനസ്സിനേ ഒരുക്കിയെടുക്കാൻ നമുക്ക് സാധിക്കില്ല…ഒന്ന് ശ്രദ്ധിച്ചാൽ മനുഷ്യ മനസ്സും , ശരീരവും വിപരീത നിയമങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് നമുക്ക് മനസ്സിലാകും… നാം ശാരീരിക തലത്തിൽ കൂടുതൽ പരിശ്രമിച്ചാൽ, മികച്ച ഫലങ്ങൾ ലഭിക്കും … വർക്കൗട്ട് ആയാലും, വ്യായാമങ്ങൾ ആയാലും എല്ലാം നമുക്കറിയാം…..
എന്നാൽ മാനസിക തലത്തിൽ അധ്വാനം കുറവാണെങ്കിലാണ് മികച്ച ഫലം ലഭിക്കുക….. എന്താണ് മാനസിക തലത്തിലെ അധ്വാനം…. നമ്മുടെ ചിന്തകൾ തന്നെ…. നമ്മൾ എന്തെങ്കിലും മറന്നുപോയെങ്കിൽ, അത് ഓർത്തെടുക്കാൻ നിർബന്ധപൂർവ്വം പരിശ്രമിക്കുന്നുവോ ഉദ്ദേശിക്കുന്ന കാര്യം ഓർമ്മയിൽ വരാൻ സമയം കൂടുതൽ എടുക്കും… എന്നാൽ നമ്മൾ എത്ര വേഗത്തിൽ മനസ്സിനെ ശാന്തമാക്കുന്നോ അത്രയും വേഗത്തിൽ അത് നമുക്ക് ഓർത്തെടുക്കാൻ സാധിക്കും….ശാന്തമായ ഒരു മനസ്സിലെ ക്രിയാത്മകമായ ചിന്തകൾ തളിരിടൂ… ചെയ്യുന്ന കാര്യത്തിൽ ഒരു വ്യക്തത കൊണ്ടുവരാനും ഇത് ഉപകരിക്കും…. എപ്രകാരമാണോ കലങ്ങിയ വെളളം അനക്കാതെ വെച്ചാൽ സാവധാനത്തിൽ തെളിയുന്നത് ഇതുപോലെ എത്ര തന്നെ അശാന്തമായ മനസ്സും ,സാവധാനം ശാന്തമാകും… വളരെ relaxed ആയി മനസ്സിനെ വിടുക….ധ്യാനം പരിശീലിക്കുന്നത് ഒക്കെ ഏറെ ഗുണം ചെയ്യും..
ഈ ലേഖനം തന്നെ എഴുതണം എന്ന ആഗ്രഹവുമായി കുറേ കാലം എൻ്റെ ഡയറിയിൽ ഈ വിഷയം കിടന്നു.. ഇപ്പോഴാണ് മനസ്സ് ഒരുങ്ങിയത്…. ഇതു പോലെ എത്ര ചെറിയ കാര്യമായാലും മനസ്സിൻ്റെ ഒരുക്കം പ്രധാനമാണ്… അപ്രതീക്ഷിതമായി പെട്ടെന്ന് ഒരു കാര്യം ചെയ്യേണ്ട ഘട്ടം വന്നാൽ വേഗം അത് ചെയ്യുകയല്ലാതെ വേറെ വഴിയില്ല എന്നത് സത്യം തന്നെ… എന്നാൽ മുൻകൂറായി ചെയ്യേണ്ടതായി നമുക്കറിയുന്ന കാര്യങ്ങൾക്കെല്ലാം ഒരു മാനസിക ഒരുക്കം ചെയ്തു നോക്കൂ… അത് ഗുണം ചെയ്യും….
– ഗോപകുമാർ