കൊറോണ പോലുള്ള മഹാവ്യാധികൾ പടരുന്ന ഈ വേളയിൽ നമ്മുടെ ജീവിത ശൈലിക്ക് വലിയ പ്രാധാന്യം ഉണ്ട്… ഭാരതീയ ശാസ്ത്രങ്ങൾ പറയുന്നു സ്ഥൂലശരീരത്തിന് ഒരു രോഗം ബാധിക്കുമ്പോൾ ആദ്യം നമ്മുടെ സൂക്ഷ്മ ശരീരത്തെയാണ് ബാധിക്കുന്നത്…
ഒന്നുകൂടി പറഞ്ഞാൽ ശരീരത്തെ ബാധിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ മനസ്സ് ആ രോഗം വരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്….
ശാരീരിക, വൈകാരിക ,മാനസിക മേഖലകളിലും ആരോഗ്യമുള്ള ഒരു വ്യക്തിയേ മാത്രമേ പൂർണ്ണ ആരോഗ്യവാൻ എന്ന് പറയാൻ സാധിക്കൂ…
ഇതിൽ വൈകാരിക – മാനസിക മേഖലയിലെ ആരോഗ്യത്തെക്കുറിച്ചാണ് ഈ ലേഖനത്തിൽ കൂടുതൽ പറയുന്നത്…
രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ മനസ്സിൻ്റെ ആരോഗ്യം വളരെ പ്രധാനമാണ്… ഇനി മനസ്സിൻ്റെ ആരോഗ്യത്തിലേക്ക് വരുമ്പോൾ നാം ചിന്തകളെക്കുറിച്ച് അറിഞ്ഞിരിക്കണം….
ഒന്ന് നോക്കാം….നമ്മുടെ ചിന്തകൾക്കും വികാരങ്ങൾക്കും ആരാണ് ഉത്തരവാദി ?
നമ്മൾ ആണോ, അതോ സാഹചര്യങ്ങളാണോ , അതോ മറ്റുള്ളവർ ആണോ ?
എൻ്റെ മനസ്സിലെ ചിന്തകൾക്കും, വികാരങ്ങൾക്കും ഉത്തരവാദി ഞാൻ ആണോ, അതോ ചുറ്റുമുള്ള സാഹചര്യമാണോ അതോ മറ്റുള്ളവർ ആണോ ?
3 വ്യക്തികൾ ഒരേ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് കരുതുക .. ആ 3 പേരും ഒരുപോലെ പ്രതികരിക്കുമോ ? ഇല്ല… പലരും പല രീതിയിൽ ആണ് പ്രതികരിക്കുക.
അപ്പോൾ തന്നെ മനസ്സിലാക്കാം സാഹചര്യങ്ങളല്ല നമ്മുടെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നത്….
ഇനി വേറെ ഒരു കാര്യം… ഒരു ദിവസം ദേഷ്യം വരുന്ന സന്ദർത്തിൽ ദേഷ്യപ്പെട്ട് വഴക്കിട്ട അതേ നമ്മൾ തന്നെ ചിലപ്പോൾ അതു പോലെ മറ്റൊരു സന്ദർഭത്തിൽ പക്വതയോടെ ശാന്തമായി പെരുമാറിയിരിക്കാം….
ഇതിൽ നിന്നെല്ലാം മനസ്സിലാക്കുക…. പുറമേയുള്ള സാഹചര്യങ്ങളല്ല നമ്മുടെ ചിന്തകളെയും , വികാരങ്ങളെയും തീരുമാനിക്കുന്നത്….
ഇനി മറ്റുള്ളവരാണോ നമ്മുടെ വികാരങ്ങളുടെയും , ചിന്തകളുടെയും ഉത്തരവാദി എന്ന് നോക്കാം…
ഒരുദാഹരണം… വളരെ ദേഷ്യത്തോടെ ഒരു വ്യക്തി നമ്മോട് പെരുമാറി എന്ന് കരുതുക…നമുക്ക് 3 രീതിയിൽ ആ സന്ദർഭത്തിൽ പ്രതികരിക്കാം
1) തിരിച്ചും അതുപോലെ അല്ലെങ്കിൽ അതിലും ഉറച്ച ശബ്ദത്തിൽ ദേഷ്യപ്പെടാം (reactive)
2) അത് കേട്ട് ഉള്ളിൽ വന്ന ദേഷ്യത്തോടെ പ്രകടമാക്കാതെ പ്രതികരിക്കാതെ മിണ്ടാതെ ഇരിക്കാം (absorptive)
3) പക്വതയോടെ സംസാരിച്ച് ആ വ്യക്തിയെ ശാന്തമാക്കാൻ ശ്രമിക്കാം (transformative)
ഇതിൽ ആദ്യ രണ്ട് രീതികളും നമ്മുടെ ശരീരത്തിനും ദോഷം ചെയ്യും എന്ന് പ്രത്യേകം പറയണ്ടല്ലോ… മൂന്നാമത്തെ രീതിയിൽ പെരുമാറാൻ സാധിക്കണമെങ്കിൽ വലിയ പരിശീലനം ആവശ്യമാണ്..
ഇത് ദേഷ്യം എന്ന് വികാരത്തിന് മാത്രമല്ല , വികാരത്തിനടിമപ്പെട്ട് പെരുമാറുന്ന ഏത് സാഹചര്യങ്ങൾക്കും ബാധകമാണ്…
അപ്പോൾ മറ്റുള്ളവരും അല്ല നമ്മുടെ ചിന്തകളെയും , പെരുമാറ്റത്തെയും, വികാരങ്ങളെയും നിശ്ചയിക്കുന്നത്…. അത് തീരുമാനിക്കാനുള്ള കൺട്രോൾ നാം തന്നെ സ്വയം ഏറ്റെടുക്കുക….
*ഞാൻ തന്നെയാണ് എൻ്റെ ചിന്തകളുടെയും ,വികാരങ്ങളുടെയും ,പെരുമാറ്റത്തിൻ്റെയും പൂർണ്ണ ഉത്തരവാദി .. സാഹചര്യങ്ങളോ , മറ്റു വ്യക്തികളോ അല്ല ,അതിനാൽ എനിക്കുള്ള ഈ സ്വാതന്ത്ര്യം ആരോഗ്യത്തോടെയും, സമാധാനത്തോടെയും ജീവിക്കാൻ ഞാൻ ഉപയോഗിക്കും.. അതെനിക്ക് ഉറപ്പായും സാധിക്കും.. എന്ന ഒരൊറ്റ ഉറച്ച ബോധം ഉണ്ടായാൽ നമ്മുടെ ജീവിതത്തിൽ അൽഭുതകരമായ മാറ്റങ്ങൾ കാണാം…*
അവൻ / അവൾ അങ്ങനെ ചെയ്തു… അന്നത്തെ സാഹചര്യത്തിൽ ഞാൻ അങ്ങനെ പ്രതികരിച്ചു…. ഇതെല്ലാം നിങ്ങൾ പറയുന്നുണ്ടെങ്കിൽ ഓർക്കുക, നിങ്ങൾ നിങ്ങളെ സ്വയം അശക്തരും , ഭീരുക്കളും ആക്കുകയാണ്…. നിങ്ങൾക്ക് കിട്ടിയ ഈ വലിയ സ്വാതന്ത്ര്യം നിങ്ങൾ ദുരുപയോഗം ചെയ്യുകയാണ്…. നിങ്ങളുടെ വൈകാരിക തലത്തിലുള്ള അനാരോഗ്യത്തേയാണ് അത് സൂചിപ്പിക്കുന്നത്…
വൈകാരിക തലത്തിൽ ഏറ്റവും ആരോഗ്യവാനായ ഒരാൾ അയാളുടെ ചിന്ത, വികാരം, പെരുമാറ്റം എന്നിവയുടെ പരിപൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കും….
അതിനാൽ സാഹചര്യങ്ങളെയും മറ്റുള്ളവരെയും പഴി പറഞ്ഞ് സമയം കളയരുത്….. വൈകാരിക സ്വാതന്ത്ര്യത്തെ ശരിയായ ഉപയോഗിക്കുന്ന ഒരു വ്യക്തി ഒരു വികാരങ്ങളും പ്രകടമാക്കാതെ ഇരിക്കുക എന്നല്ല…. നമ്മുടെ ആരോഗ്യത്തിന് ഹിതമായ രീതിയിൽ വികാരങ്ങളെ ഓരോ സന്ദർഭത്തിലും പക്വതയോടെ പ്രകടിപ്പിക്കാനറിയണം…. ദേഷ്യപ്പെടേണ്ട അപൂർവ്വം സംഭവങ്ങളിൽ ദേഷ്യം അഭിനയിക്കാനറിയണം എന്ന് പറയാറുണ്ട്…. അത് നാം പരിശീലിക്കണം….
സാത്വിക ആഹാരം ശീലമാക്കണം….ആഹാരം എന്നാൽ വായിലൂടെ കഴിക്കുന്നത് മാത്രമല്ല… ബാക്കി 4 ഇന്ദ്രിയങ്ങളിലൂടെ നാം ആഹരിച്ചെടുക്കുന്നതും ആഹാരം തന്നെയാണ്…. അങ്ങനെ വരുമ്പോൾ ഇന്ന് ഏറ്റവും ശ്രദ്ധിക്കേണ്ടത് കാതും , കണ്ണും ആണ്…. ഈ ഇന്ദ്രിയങ്ങളിലൂടെ നാം കാണുന്നതും കേൾക്കുന്നതും നമുക്ക് ആഹാരം തന്നെയാണ്…. ഇന്ന് പലപ്പോഴും ലോകത്തെവിടെ ഒരു പ്രശ്നമോ , നെഗറ്റീവ് വാർത്തയോ വന്നാൽ തന്നെ അത് നിമിഷങ്ങൾക്കുള്ളിൽ നമുക്കു മുമ്പിൽ എത്തും.. എന്നാൽ ഭീതിപ്പെടുത്തുന്നതോ , അല്ലെങ്കിൽ ഉപകാരപ്രദമല്ലാത്തതോ ആയ അത്തരം വാർത്തകൾ കാണാൻ നാം സമയം പാഴാക്കരുത്…. സമയം പാഴാകുന്നത് മാത്രമല്ല , പലരെയും അത് മാനസികമായും വൈകാരികമായും തളർത്തും… ഇനി കഴിക്കുന്ന ആഹാരം എടുത്താൽ ദോഷകരമായ ആഹാരങ്ങൾ നാം കഴിക്കരുത്…. അത് അനുനിമിഷം നമ്മേ രക്ഷിച്ചു കൊണ്ടിരിക്കുന്ന പ്രാണൻ എന്ന കവചത്തെ തളർത്തും…. സാത്വിക ആഹാരരീതികളെ ക്കുറിച്ച് നാം കൂടുതൽ പഠിക്കണം,…
ശരിയായ വ്യായാമം ചെയ്യണം…
നെഗറ്റീവ് ചിന്തകൾ നമ്മുടെ മനസ്സിനെ തളർത്തും…. തെറ്റായ ജീവിതശൈലിയും , നെഗറ്റീവ് ചിന്തകളും , ഏത് വൈറസുകൾക്കും പ്രവേശിക്കാനുള്ള ഇടമാക്കി നമ്മുടെ ശരീരത്തെ മാറ്റും…
നമ്മുടെ വീടിനു ചുറ്റും കുപ്പത്തൊട്ടികൾ കണ്ടിട്ടില്ലേ…. അതിൽ കൃമികീടങ്ങൾ വരും… ആ കീടങ്ങളെ ആരെങ്കിലും കൊണ്ടിട്ടതാണോ ? അല്ല….മറിച്ച് അതിന് വളരാനുള്ള സാഹചര്യങ്ങൾ ഒത്തു വന്നപ്പോൾ അത് അവിടെ ഉണ്ടായി… ഇത് പോലെ തന്നെയാണ് നമ്മുടെ ശാരീരിക- മാനസിക ആരോഗ്യത്തിൻ്റെ കാര്യവും…. വൈറസ് വളരാനുള്ള സാഹചര്യം നമുക്ക് ഉണ്ടാക്കാതിരിക്കാം…. അതിനായി നാം വളരെ ശ്രദ്ധയോടെ ജീവിതം മുന്നോട്ട് നയിച്ചേ തീരൂ….. മനസ്സിനെ ഒരു വാട്ടർ ടാങ്കായി സങ്കൽപ്പിക്കുക… അഞ്ച് പൈപ്പുകൾ ആ ടാങ്കിലേക്ക് ജലം എത്തിക്കുന്നു എന്ന് കരുതുക… ആ ടാങ്കിൽ ശുദ്ധജലം ലഭിക്കണമെങ്കിൽ 5 പൈപ്പിലൂടെയും വരുന്ന ജലം ശുദ്ധമാകണം.., ഇത് പോലെ മനസ്സാകുന്ന വാട്ടർ ടാങ്കിൽ ശാന്തിയും സമാധാനവുമാകുന്ന ശുദ്ധജലം കിട്ടാൻ കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നീ 5 ഇന്ദ്രിയങ്ങളാകുന്ന പൈപ്പുകളിലൂടെയും വരുന്ന കാര്യങ്ങൾ നല്ലതാകണം….
ഇതൊക്കെ വായിക്കുന്ന ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും –
“ഇതൊക്കെ മനുഷ്യൻമാരെ കൊണ്ട് ചെയ്യാൻ സാധിക്കുമോ ? .”
എന്നാൽ കേട്ടോളൂ മനുഷ്യർക്കേ സാധിക്കൂ… അതിനാലാണ് മനുഷ്യ ജൻമം ഒരു വലിയ പദവിയായി ഭാരതീയ ശാസ്ത്രങ്ങൾ കാണുന്നത്…,
കൊറോണ പോലുള്ള വൈറസുകളുടെ വ്യാപനം നമുക്ക് ഒരു ഓർമ്മപ്പെടുത്തലാണ്…. മൃഗീയ തലത്തിൽ നിന്ന് ഉയർന്ന് , പ്രകൃതിയോട് ചേർന്ന് ,ഒരു യഥാർത്ഥ മനുഷ്യനായി ജീവിക്കേണ്ട ആവശ്യകതയേക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ…..
– ഗോപകുമാർ