ഒരിക്കൽ ഒരു നായ കണ്ണാടികൾ നിറഞ്ഞ ഒരു മ്യൂസിയത്തിലേക്ക് ഓടിക്കയറി… ആ മ്യൂസിയം വളരെ സവിശേഷമായിരുന്നു, മതിലുകൾ, സീലിംഗ്, വാതിലുകൾ, ജനലുകൾ തുടങ്ങി എല്ലാം കണ്ണാടി കൊണ്ടാണ് നിർമ്മിച്ചിരുന്നത്…. കണ്ണാടികളിൽ സ്വന്തം പ്രതിഫലനങ്ങൾ കണ്ട് നായ ഹാളിന്റെ നടുവിൽ അത്ഭുതത്തോടെ മരവിച്ചു നിന്നു…. എല്ലാ ഭാഗത്തുനിന്നും, മുകളിൽ നിന്നും, താഴെ നിന്നും നായ്ക്കളുടെ ഒരു സംഘം തനിക്ക് ചുറ്റും നിൽക്കുന്ന പോലെ നായക്ക് തോന്നി…
ഇത് കണ്ട് പേടിച്ചും, ദേഷ്യം വന്നും ആ നായ പല്ലുകടിക്കുകയും, കുരയ്ക്കുകയും എല്ലാം ചെയ്തു…. അപ്പോൾ നായയുടെ പ്രതിഫലനങ്ങളും അതേ രീതിയിൽ പ്രതികരിച്ചത് കണ്ട് പരിഭ്രാന്തനായി ഭ്രാന്തമായി അത് കുരച്ചു തുടങ്ങി…. പ്രതിഫലനങ്ങളും അത് പോലെ വന്നു… നായ കൂടുതൽ ഉച്ചത്തിൽ കുരച്ചെങ്കിലും, അത് ഹാളിലെ പ്രതിധ്വനി വലുതാക്കി…. ഇത് ഏറെ നേരം തുടർന്നു….
പിറ്റേന്ന് രാവിലെ, മ്യൂസിയം സെക്യൂരിറ്റി ഗാർഡുകൾ വാതിൽ തുറന്നപ്പോൾ ക്ഷീണിച്ച് അവശനായി കിടക്കുന്ന നായയെ കണ്ടു… ഒരടി പോലും നടക്കാൻ അതിന് സാധിക്കുമായിരുന്നില്ല…. സെക്യൂരിറ്റി ഗാർഡുകൾ ഒരു വിധത്തിൽ അതിനെ പുറത്തെത്തിച്ചു…..
പലപ്പോഴും ലോകം സ്വന്തമായി നമുക്ക് നൻമയോ തിൻമയോ കൊണ്ടുവരില്ല…ഈ ലോകം എക്കാലത്തും നൻമതിൻമകളാൽ നിറഞ്ഞിരിക്കുന്നു…. നാം അതിൽ എന്ത് തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം…
നമുക്ക് ചുറ്റും നടക്കുന്നതെല്ലാം നമ്മുടെ സ്വന്തം ചിന്തകളുടെയും, വികാരങ്ങളുടെയും, ആഗ്രഹങ്ങളുടെയും, പ്രവർത്തനങ്ങളുടെയും പ്രതിഫലനമാണ്….. നമ്മുടെ നിഷേധാത്മക ചിന്തകളും , അലസതയും, തെറ്റായ സമീപനങ്ങളുമെല്ലാം നമ്മെ തന്നെ തളർത്തുന്നതാണ് എന്ന വസ്തുത നാം മറക്കരുത്….
ലോകം ഒരു വലിയ കണ്ണാടിയാണ്. അതിനാൽ നമുക്ക് ഒരു നല്ല പോസ് നൽകാം !
– ഗോപകുമാർ