യുദ്ധം നടക്കുന്ന വേളയിൽ തൻ്റെ സുഹൃത്തായ പട്ടാളക്കാരൻ ദൂരെ വെടിയേറ്റ് വീണ് കിടക്കുന്നത് അയാൾ കണ്ടു… യുദ്ധം മുറുകി നിൽക്കുന്ന വേളയിൽ അടുത്ത് പോയി തൻ്റെ സുഹൃത്തിനെ രക്ഷിക്കണം എന്ന ആഗ്രഹത്തോടെ ഓടിപ്പോയി തൻ്റെ സൈനിക മേധാവിയോടെ അനുവാദം ചോദിച്ചു…..
മേധാവി അനുവാദം നൽകി തിടുക്കത്തിൽ പറഞ്ഞു – “നീ പൊയ്കൊളളുക… പക്ഷെ വളരെ ദൂരെ ആണ് അവൻ വീണ് കിടക്കുന്നത്….ഈ വെടിയുണ്ടകൾക്കിടയിലൂടെ അവിടെ ഓടിപ്പോയി നീ എത്തുമ്പോഴേക്കും അവൻ അന്ത്യശ്വാസം വലിക്കും… മാത്രമല്ല , നിൻ്റെ ജീവനും അപകടത്തിലാകാം”
എന്നാൽ സ്വജീവൻ പണയം വെച്ച് അയാൾ ഓടിക്കിതച്ച് വെടിയേറ്റ് വീണ് കിടക്കുന്ന തൻ്റെ സുഹൃത്തിൻ്റെ അടുത്തെത്തി…
അൽപനേരത്തിന് ശേഷം ആർമി ബേസ് ക്യാമ്പിൽ നിന്ന സൈനിക മേധാവി കാണുന്നത് സ്വന്തം കാലിന് വെടിയേറ്റ ആ പട്ടാളക്കാരൻ ഏന്തിയേന്തി തൻ്റെ സുഹൃത്തിൻ്റെ മൃതദേഹം തോളത്ത് വെച്ച് കൊണ്ടുവരുന്നതാണ്…..
ഇത് കണ്ട സൈനിക മേധാവി വിഷമത്തോടെ ചോദിച്ചു: –
“ഞാൻ പറഞ്ഞില്ലേ നീ അവിടെ എത്തിയാലും പ്രയോജനമുണ്ടാകും എന്ന് തോന്നുന്നില്ല എന്ന് ? ഇപ്പോൾ നീനക്കും പരിക്ക് പറ്റിയില്ലേ “
ഇത് കേട്ട അയാൾ പറഞ്ഞു: – “ഇല്ല സർ, ഈ പ്രവൃത്തിക്ക് എൻ്റെ ജീവനു തുല്യം വില ഞാൻ കാണുന്നു…. കാരണം, ഞാൻ അവിടെ എത്തിയ നിമിഷം എന്ന കണ്ട ഉടനെ അവൻ്റെ കണ്ണുകൾ തെളിഞ്ഞു.. ഒരു ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു – എനിക്കറിയാമായിരുന്നു ,നീ വരും എന്ന് … ഇത്രയും പറഞ്ഞ് അവൻ എന്നന്നേക്കുമായി കണ്ണുകളടച്ചു… ആ വാക്കുകൾക്ക് ഇന്ന് എൻ്റെ ജീവൻ്റെ വില ഉണ്ട് “
നമ്മുടെ ജീവിതത്തിൽ നമ്മേ ഇഷ്ടപ്പെടുന്നവർക്ക് ഒരാവശ്യം വരുന്ന സമയത്ത് നമുക്ക് അവരോടൊപ്പം സമയം ചെലവിടാൻ സാധിക്കുക എന്നത് വലിയ ഒരു ഭാഗ്യം തന്നെയാണ്…. സ്നേഹത്തോടെ ഒരു വാക്കോ, നോട്ടമോ, പ്രവൃത്തിയോ ചിലപ്പോൾ നമ്മുടെ സാന്നിദ്ധ്യം തന്നെ മറ്റുള്ളവരെ സന്തോഷപ്പെടുത്തിയേക്കാം….
അതിന് ജീവന് തുല്യം വിലയുണ്ട്….
– ഗോപകുമാർ