” ഓടരുത് ! തിരിഞ്ഞു നിൽക്കൂ.. ” ന്യൂയോർക്കിലെ ഒരു വൻ സദസ്സിൽ ഉയർന്ന ഈ വിവേകാനന്ദ വാണികൾക്കു പിന്നിൽ ഒരു അനുഭവത്തിൻ്റെ ചൂടുണ്ട്… ഗുരുവായ ശ്രീരാമകൃഷ്ണ ദേവൻ്റെ മഹാസമാധിക്കു ശേഷം നരേന്ദ്രൻ പരിവ്രാജകനായി അലയുന്ന സമയം.. ആ യാത്ര കാശിയിലെത്തി… അവിടുത്തെ താമസത്തിനിടയിൽ ഒരു ദിവസം അദ്ദേഹം ദുർഗ്ഗാക്ഷേത്രത്തിൽ പോകുകയായിരുന്നു.., ആൾ സഞ്ചാരം കുറഞ്ഞ തെരുവ്… ഒരു കുരങ്ങൻ സ്വാമിയുടെ പുറകെ കൂടി… അവൻ ആക്രമിക്കുമെന്ന് കരുതി തെല്ല് ഭയത്തോടെ അദ്ദേഹം വേഗം നടന്നു… കുരങ്ങനും വേഗം കൂട്ടി…. ഭയം തോന്നിയ സ്വാമി ഓടാൻ തുടങ്ങി… പല്ലിളിച്ച് ആക്രമണോത്സുകതയോടെ കുരങ്ങനും പുറകേ പാഞ്ഞു… അതു കണ്ടു നിന്ന ഒരപരിചിതൻ വിളിച്ച് കൂവി… “ഓടരുത് , തിരിഞ്ഞ് നിൽക്കൂ…”
ആ വാക്കുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സ്വാമി വെട്ടിത്തിരിഞ്ഞു നിന്നു.. കുരങ്ങനും പിടിച്ചു നിറുത്തിയ പോലെ നിന്നു പോയി ..!
സ്വാമിജി കൈ ഉയർത്തി അവൻ്റെ നേർക്ക് നടന്നു… കുരങ്ങൻ തിരിച്ചോടാൻ തുടങ്ങി… സ്വാമി അവൻ്റെ പുറകേയും…. ന്യൂയോർക്കിലെ പ്രസംഗത്തിൽ സ്വാമി ഈ സംഭവം വിവരിച്ചു.., എന്നിട്ടു പറഞ്ഞു
” ഭയന്ന് ഓടരുത്… പ്രശ്നങ്ങളെ സധൈര്യം നേരിടണം.. ജീവിതത്തിൽ ക്ലേശങ്ങളും ദു:ഖങ്ങളും എതിർപ്പുകളും ഉണ്ടാകും… നാം ഓടിയാൽ കുരങ്ങൻമാർ ചെയ്തതു പോലെ അവ നമ്മുടെ മേൽ വന്ന് വീഴും .. എതിരിട്ടാലോ…. അവ പിന്തിരിഞ്ഞോടുക തന്നെ ചെയ്യും… സാഹചര്യങ്ങളെ നേരിടുമ്പോഴാണ് യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കുക…. ഭീരുക്കൾക്ക് ഒരിക്കലും വിജയം ലഭിക്കില്ല…”
പ്രതിഷേധങ്ങളായി , പ്രതികൂലങ്ങളായി ജീവിതയാത്രയിൽ കുരങ്ങൻമാർ വരും…. അത് ആർക്കും ഒഴിവാക്കാനാവില്ല…. അതെല്ലാം വിധിയെന്ന് പറഞ്ഞ് കേഴുന്നത് ഭീരുത്വമാണ്…. അതിനെ നേരിടുക തന്നെ വേണം… ഓരോ പ്രശ്നങ്ങളെയും നേരിടുമ്പോൾ അകക്കാമ്പിൽ കരുത്തു വർദ്ധിക്കും…. അതോടൊപ്പം വഴിയിൽ വെളിച്ചം വരും, മുന്നോട്ടുള്ള പാത കണ്ടു തുടങ്ങും…. യാത്ര ഗംഭീരമാകും..