ഇന്ന് ചെയ്യാനുള്ള കാര്യങ്ങൾ നാളേക്ക് മാറ്റി വെക്കാനുള്ള പ്രവണത മനുഷ്യർ നൂറ്റാണ്ടുകളായി നേരിടുന്ന ഒരു പ്രശ്നമാണ്…. ജീവിത പുരോഗതിക്ക് ഏറ്റവും തടസ്സമായി നിൽക്കുന്ന ഒരു കാര്യവും ഇത് തന്നെ…,
പല കാര്യങ്ങളും നാം ചെയ്ത് തുടങ്ങുന്നത് ആ കാര്യങ്ങൾ ചെയ്തില്ലെകിൽ ഭാവിയിൽ നേരിടാൻ പോകുന്ന പ്രത്യാഘാതങ്ങൾ ചിന്തിച്ചോ അല്ലെങ്കിൽ ചെയ്താൽ ലഭിക്കുന്ന നേട്ടങ്ങളോ മനസ്സിൽ അനുഭവവേദ്യമായത് കൊണ്ടാണ്…
ഉദാഹരണത്തിന്
നിങ്ങൾക്ക് ഒരു റിപ്പോർട്ട് എഴുതി ഒരു നിശ്ചിത തിയതി സമർപ്പിക്കാനുണ്ടെന്ന് വിചാരിക്കുക… അത് എഴുതി തീർക്കണം എന്ന് ആഴ്ചകൾക്ക് മുന്നേ അറിയാം.. നിങ്ങൾ അത് നാളേക്കായി വീണ്ടും വീണ്ടും നീട്ടിവെച്ചു കൊണ്ടിരുക്കും…. ആദ്യ നാളുകളിൽ നമുക്ക് ഉള്ളിൽ അത് പൂർത്തിയാക്കാത്തതിൽ ഉള്ള വിഷമം വളരെ ചെറിയ തോതിൽ ഉണ്ടാകും… റിപ്പോർട്ട് സമർപ്പിക്കേണ്ട തിയ്യതി അടുക്കും തോറും പിന്നീട് അത് മെല്ലേ കൂടി കൂടി വരുന്നു… സമർപ്പിക്കേണ്ട തിയ്യതിയുടെ തലേനാൾ ഈ വിഷമം ഏറ്റവും കൂടുതലായിരിക്കും… കാരണം അപ്പോൾ ഭാവിയിൽ അത് പൂർത്തിയാക്കിയില്ലെങ്കിൽ ഉള്ള പ്രത്യാഘാതങ്ങൾ നാം ഇപ്പോൾ തന്നെ അനുഭവിച്ച് തുടങ്ങും… ഉടനെ തന്നെ നാം അത് ചെയ്ത് തുടങ്ങുകയും ചെയ്യും….
*എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ?*
സാധാരണ രീതിയിൽ താഴെ പറയുന്ന ചില കാരണങ്ങൾ കൊണ്ടാകാം
– നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവൃത്തിയുടെ ലക്ഷ്യത്തെപ്പറ്റി നിങ്ങൾ ശരിക്കും വ്യക്തത ഉണ്ടാകില്ല / നിങ്ങൾ ബോധപൂർവ്വം നിങ്ങൾ അതേപ്പറ്റി ചിന്തിച്ച് കാണുകയില്ല
– ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യം ഭംഗിയായി ചെയ്യാൻ സാധിക്കില്ല എന്ന് നിങ്ങൾ ഉറച്ച് വിശ്വസിക്കുന്നു
– ആ കാര്യം ചെയ്യുന്നതിൽ നിന്നും നിങ്ങളുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടായിരിക്കാം
– നിങ്ങൾ ക്ഷീണിതനായിരിക്കാം
– എവിടെ തുടങ്ങണം , എങ്ങനെ തുടങ്ങണം എന്ന കൺഫ്യൂഷൻ
സൈക്കോളജി ഗവേഷണങ്ങൾ പറയുന്നു..ഭാവിയിൽ ലഭിക്കുന്ന പ്രതിഫലങ്ങളേക്കാൾ മനുഷ്യ മസ്തിഷ്കം പ്രാധാന്യം കൽപ്പിക്കുന്നത് പെട്ടെന്ന് ലഭിക്കുന്ന പ്രതിഫലങ്ങൾക്കാണ്…
നാം പിന്തുടരുന്ന ലക്ഷ്യങ്ങളിൽ മിക്ക കാര്യങ്ങളും ഭാവിയിൽ നമുക്ക് ഒരു നേട്ടം തരുന്നവയാണ്…. ഭാവിയിൽ നേട്ടം ലഭിക്കുന്ന ഒരു കാര്യത്തെ തീർച്ചയായും നമ്മുടെ മസ്തിഷ്കം വില മതിക്കും… പക്ഷെ പ്രവർത്തി പദത്തിലേക്ക് വരുമ്പോൾ മസ്തിഷ്കം ഉടനെ നേട്ടം തരുന്ന കാര്യങ്ങൾക്കാണ് ആദ്യം പ്രാധാന്യം കൊടുക്കുക ….
ഇതിന് പരിണാമ പ്രക്രിയ ഒരു കാരണം പറയുന്നുണ്ട്….
നമ്മുടെതിന് സമാനമായ മസ്തിഷ്കം ഉണ്ടായിരുന്ന ആദ്യത്തെ മനുഷ്യർ ഹോമോസാപിയൻസ് ആയിരുന്നു… മസ്തിഷ്കത്തിൽ ഉയർന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രമായ നിയോകോർട്ടെക്സ് അന്നത്തെ മനുഷ്യനും ഇന്നത്തെ ആധുനിക മനുഷ്യനും ഒരേ വലിപ്പമുള്ളതാണ്… ചുരുക്കിപ്പറഞ്ഞാൽ , കാലമെത്ര പോയെങ്കിലും നമ്മുടെ ഹാർഡ് വെയറിന് കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല….
മനുഷ്യമസ്തിഷ്കത്തിൻ്റെ പ്രായവുമായി താരതമ്യപ്പെടുത്തുമ്പോൾ ആധുനിക സമൂഹം അവിശ്വസനീയമാം വിധം വളർന്നു…. കഴിഞ്ഞ 100 വർഷങ്ങൾക്കിടയിൽ ബാഹ്യമായി സമൂഹത്തിൽ വന്ന മാറ്റങ്ങൾ വളരെ വലുതാണ്…. കാലത്തിൻ്റെ ഘടനയിൽ ഈ നൂറ് വർഷം ഒന്നുമല്ല….. ഒരു 500 വർഷങ്ങൾക്ക് മുൻപ് വരെ മനുഷ്യർ ഉടനെ ലഭിക്കുന്ന നേട്ടങ്ങൾക്കാണ് എപ്പോഴും പ്രാധാന്യം കൊടുത്തിരുന്നത്…. ഭാവിയിൽ ലഭിക്കുന്ന നേട്ടങ്ങൾ ഓർത്ത് അതിന് വേണ്ടി ഇന്ന് തന്നെ പ്രവർത്തിക്കുന്ന രീതി അന്ന് ഉണ്ടായിരുന്നില്ല…. അതായത് ഉടനെ നേട്ടങ്ങൾ തരുന്ന ഒരു പരിതസ്ഥിതിയിൽ നമ്മുടെ മസ്തിഷ്കം ലക്ഷക്കണക്കിന് വർഷം കഴിഞ്ഞു… പിന്നീട് ലോകത്ത് വളരെ പെട്ടെന്ന് തന്നെ ഭൗതികമായി വൻ മാറ്റങ്ങൾ വന്നെങ്കിലും ഇപ്പോഴും ഉടനെയുള്ള നേട്ടങ്ങൾക്ക് വില കൽപ്പിക്കുന്ന മസ്തിഷ്കത്തിൻ്റെ ഈ പ്രവണതക്ക് മാറ്റം വന്നില്ല….