“ജീവിത പ്രശ്നങ്ങൾ ഓരോന്നായി എന്നും അലട്ടിക്കൊണ്ടിരിക്കുന്നു…. ഓരോ പ്രശ്നങ്ങൾ കഴിയുംതോറും പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുന്നതുപോലെ തോന്നുന്നു…. എന്താണ് ഒരു പോംവഴി ?”
മുൻപിലിരിക്കുന്ന വ്യക്തിയുടെ ഈ ചോദ്യം കേട്ട് ഗുരുനാഥൻ ഒന്നു പുഞ്ചിരിച്ചു… ശേഷം സമീപമിരുന്ന ഗ്ലാസ്സിൽ കുറച്ച് വെള്ളം നിറച്ചു… ആ ഗ്ലാസ്സ് കൈയ്യിലെടുത്ത് ഉയർത്തി…. എന്നിട്ട് പറഞ്ഞു….
“വെളളം നിറച്ച ഈ ഗ്ലാസ്സ് എനിക്ക് ഇപ്പോൾ വളരെ എളുപ്പത്തിൽ പൊക്കാം…. ഇതിൻ്റെ ഭാരം ഇപ്പോൾ ഒരു പ്രശ്നമല്ല…. എന്നാൽ ഇത് ഞാൻ പത്ത് മിനിറ്റിൽ അധികം ഇങ്ങനെ കൈയ്യിൽ പിടിച്ചാലോ ?
എൻ്റെ കൈ കടയാൻ തുടങ്ങും…
ഞാനിത് വീണ്ടും ഒരു മണിക്കൂർ നേരം തുടർന്നാലോ …..
കൈ വേദന തുടങ്ങും….. ഇങ്ങനെ ഒരു പ്രത്യേക നിമിഷത്തിൽ ഭാരം താങ്ങാനാവാതെ ഞാൻ ഗ്ലാസ്സ് നിലത്തിടും…. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക…. ഗ്ലാസിൻ്റെ ഭാരം ഒരിക്കലും മാറിയിട്ടില്ല…. പക്ഷെ ഞാനത് എത്ര നേരം പിടിക്കുന്നോ അത്രയും ഭാരം എന്നെ ബാധിക്കും….
ജീവിതത്തിലെ നമ്മുടെ പ്രശ്നങ്ങളും, ടെൻഷനുകളും ഈ ഗ്ലാസ് വെള്ളം പോലെയാണ്….. പ്രശ്നത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചത് കൊണ്ട് നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല…. എന്നാൽ കൂടുതൽ കൂടുതൽ ചിന്തിക്കുകയും എപ്പോഴും പരാതി പറഞ്ഞു കൊണ്ടിരിക്കുകയും ആയാൽ കൈ വേദനിച്ച പോലെ നിങ്ങളുടെ മനസ്സിനെയും ഈ പ്രശ്നങ്ങൾ ബാധിച്ച് തുടങ്ങും….. മനസ്സിനെ ബാധിച്ചാൽ അത് ശരീരത്തെയും ഉടനെ ബാധിക്കും…. അതിനാൽ ചിന്തിച്ച ശേഷം അവയെ മറക്കുക… ഏത് പ്രശ്നങ്ങൾക്കും ‘യഥാർത്ഥ നിങ്ങളെ ‘ ഒന്നും ചെയ്യാനാകില്ല എന്ന് തിരിച്ചറിയുക…. ഈ ഒരു ചിന്തയാകട്ടെ നിങ്ങളുടെ മന്ത്രം…. അത് തന്നെ നിങ്ങളെ കരുത്തരാക്കും…… ധൈര്യമായി സമാധാനമായി പോകൂ”
– ഗോപകുമാർ
——————————————————————————-