5 പൈപ്പുകളിലൂടെ വെള്ളം വന്ന് നിറയുന്ന ഒരു വാട്ടർ ടാങ്ക് ഉണ്ടെന്ന് കരുതുക… ഈ ടാങ്കിലെ ജലം ശുദ്ധം ആകണമെങ്കിൽ 5 പൈപ്പിലൂടെയും വരുന്നത് ശുദ്ധജലം ആയിരിക്കണം… ഏതെങ്കിലും ഒരു പൈപ്പിലൂടെ മലിന ജലം വന്നാലും മുഴുവൻ ടാങ്കിലെ ജലവും മലിനമാകും… നമ്മുടെ മനസ്സ് ഈ വാട്ടർ ടാങ്ക് പോലെയാണ്…. 5 പൈപ്പുകൾ നമ്മുടെ 5 ഇന്ദ്രിയങ്ങളാകുന്ന കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നിവ…. ഈ പഞ്ചേന്ദ്രിയങ്ങളാകുന്ന പൈപ്പുകളിലൂടെ നാം ആഹരിച്ചെടുക്കുന്നവയെല്ലാം നല്ലതാകട്ടെ…. മനസ്സാകുന്ന ടാങ്കിൽ ശുദ്ധജലമാകുന്ന ശാന്തിയും, സമാധാനവും, സന്തോഷവും എല്ലാം അതോടെ വന്നുകൊള്ളും…
നല്ല ഗുണങ്ങൾ എല്ലാ വ്യക്തികളിലും ഉണ്ട്… പലപ്പോഴും മനസ്സ് നിഷേധാത്മകമായ ചിന്തകളിലൂടെ സഞ്ചരിച്ചു പോയേക്കാം…. അത്തരം ചിന്തകളെ ഗൗനിക്കാതെ അവഗണിച്ചു കൊണ്ടേയിരിക്കുക… ഒരു കൊച്ചു കുഞ്ഞ് നിസ്സാര കാര്യത്തിനായി വാശി പിടിച്ചു കരഞ്ഞു കൊണ്ടിരിക്കുകയാണെന്ന് കരുതുക… അതിനെ അമ്മ ശ്രദ്ധിക്കുവാൻ തുടങ്ങുകയാണെങ്കിൽ ആ വാശി കൂടും… എന്നാൽ അത് സ്നേഹത്തോടെ അവഗണിച്ചാൽ ആദ്യം വാശി ഒന്ന് കൂടും, ക്രമേണ കുഞ്ഞ് താനെ അത് നിർത്തും… ഇത് പോലെ മനസ്സിലെ നിഷേധാത്മക ചിന്തകളെ നാം കൂടുതൽ ശ്രദ്ധിച്ചാൽ അവ കൂടി കൂടി വരും,,,, മറിച്ച് അവഗണിച്ചു കൊണ്ടേയിരുന്നാൽ ക്രമേണ നിഷേധാത്മക ചിന്തകൾ അടങ്ങും….. പക്ഷെ എങ്ങനെ ഒരാൾക്ക് അത്തരം നിഷേധാത്മക ചിന്തകളെ എളുപ്പത്തിൽ അവഗണിക്കാൻ സാധിക്കും?
ഒരു ഗ്ലാസിൽ മലിനജലം ഉണ്ടെങ്കിൽ അതിനെ ശുദ്ധീകരിക്കാൻ അതിലേക്ക് പരമാവധി ശുദ്ധജലം ഒഴിച്ചു കൊണ്ടേയിരിക്കാം…. ഒരു പ്രത്യേക സമയത്ത്, ഗ്ലാസിലേത് മുഴുവൻ ശുദ്ധജലമായി മാറും… ഇത് പോലെ ശുഭചിന്തകൾ കൊണ്ട് മനസ്സിനെ നിറക്കുക… നല്ല ഗ്രന്ഥങ്ങൾ വായിക്കുക ,നല്ലത് കാണുക, നല്ലത് കേൾക്കുക, നല്ലത് കഴിക്കുക, നല്ല സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടുക…. ക്രമേണ മനസ്സാകുന്ന ടാങ്കിൽ ശുഭചിന്തകളാകുന്ന ശുദ്ധജലം കൊണ്ട് നിറയുമ്പോൾ ആത്മവിശ്വാസത്തോടെ ജീവിതത്തെ മുന്നോട്ട് നയിക്കാൻ നമുക്ക് സാധിക്കും….
– ഗോപകുമാർ