മാറുന്ന തൊഴിൽ ലോകം – ഉപരിപഠനത്തിന് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഉപരിപഠനത്തിന് ഏത് കോഴ്‌സ്  തിരഞ്ഞെടുക്കും എന്നുള്ളത് മിക്ക വിദ്യാർത്ഥികൾക്കും കൺഫ്യുഷൻ  ഉള്ള കാര്യമാണ്. സ്വന്തം താല്പര്യങ്ങളും അഭിരുചികളും തിരിച്ചറിഞ്ഞാൽ ആ മേഖലയിലെ ഏറ്റവും മികച്ച കോഴ്‌സ്  തിരഞ്ഞെടുക്കണം.

എന്നാൽ അനസ്യൂതം മാറുന്ന ഇന്നത്തെ കാലഘട്ടത്തിൽ നിർമ്മിത ബുദ്ധിയുടെയും , ടെക്‌നോളജിയുടെയും വളർച്ച വരും കാലങ്ങളിൽ പല തൊഴിൽ മേഖലകളെയും ബാധിക്കും എന്നതിൽ  തർക്കമില്ല.

ഇപ്പോൾ ഉള്ള പല തൊഴിലുകളും അന്ന് അപ്രത്യക്ഷമാകാൻ ഇടയുണ്ട്.

എന്നാൽ പ്രതീക്ഷയ്ക്ക് വക നൽകി പുതിയ പല തൊഴിലുകളും ഉദയം ചെയ്യാനും സാധ്യതയുണ്ട്.

യുവാക്കൾക്ക് വേണ്ട ഭാവി ഇപ്പോൾ നമുക്ക് പടുത്തുയർത്താൻ  സാധിച്ചില്ലെങ്കിലും , ഭാവിയിലേക്ക് വേണ്ട യുവാക്കളെ നമുക്ക് ഇപ്പോൾ സജ്ജമാക്കാം.

” *ഭാവിയിൽ  നിലനിൽക്കുന്ന  ജീവിവർഗ്ഗങ്ങൾ ഏറ്റവും ശക്തമായവയോ , ബുദ്ധിയുള്ളതോ ആയിരിക്കില്ല , മറിച്ച് മാറ്റത്തെ അതിജീവിക്കാൻ കെല്പുള്ളവ ആയിരിക്കും* “

ചാൾസ് ഡാർവിൻ ജീവിവർഗ്ഗങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണെങ്കിലും , തൊഴിൽ മേഖലകളുടെ കാര്യത്തിലും ഇത് ബാധകമാണെന്ന് തോന്നുന്നു.

മാറ്റമില്ലാത്ത  ഒന്ന് മാറ്റം മാത്രം. ലോകത്ത് എന്തും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു.

ലോകത്ത് നടക്കുന്ന മാറ്റങ്ങൾ കൃത്യമായി നമുക്ക് പ്രവചിക്കാൻ സാധ്യമല്ലെങ്കിലും പല പഠനങ്ങളുടെയും വെളിച്ചത്തിൽ ഭാവിയിലെ ഒരു തൊഴിൽ അന്തരീക്ഷം നമുക്ക് മുന്നിൽ കാണാവുന്നതേയുള്ളൂ..

അതിനാൽ വരുംകാല തൊഴിൽ മേഖലകളെകുറിച്ചുള്ള ഒരു ഏകദേശ അറിവ് വിദ്യാർത്ഥികൾക്ക് ഭാവി പഠനമേഖല തിരഞ്ഞെടുക്കുന്നതിൽ  ഉപകരിക്കും.

ലോകത്തെ തന്നെ ഏറ്റവും വലിയ ഹ്യൂമൻ ക്യാപിറ്റൽ, മാനേജ്‌മെന്റ് കൺസൾട്ടിംഗ് സേവനങ്ങളുടെ ദാതാവായ അയോൺ ഹെവിറ്റ് ന്റെയും ഇന്ത്യയിലെ  NSDC യുടെയും ഒക്കെ പഠനങ്ങൾ കൂട്ടിവായിക്കുമ്പോൾ പല മേഖലകളിലും തൊഴിൽ നൈപുണ്യമുള്ളവരുടെ കുറവ് ഗണ്യമായി വർദ്ധിക്കാനിടയുണ്ട്.

അത് പ്രകാരം ഓരോ  മേഖലകളിലും ഉണ്ടാകാനിടയുള്ള തൊഴിൽ നൈപുണ്യമുള്ളവരുടെ കുറവ് താഴെ പറയും വിധം ആയിരിക്കും

1) Infrastructure -103 million

2) Auto and auto components – 35 million

3) Building and construction -33 million

4) Textile and clothing – 26.2 million

5) Transport and logistics -17.7 million

6) Organised retail – 17.3 million

7) Real estate services – 14 million

8) Health care – 12.7 million

9) Food processing – 9.3 million

10) Education and skill development services – 5.8 million

ഈ കുറവുകൾ നികത്തണമെങ്കിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പ്രൈമറി തലം മുതൽ അടിമുടി കാലാനുസൃതമായി മാറ്റത്തിന് വിധേയമായേ തീരൂ…. ബ്രിട്ടീഷ് ഭരണകാലത്ത് പ്രധാനമായും ആവശ്യമായിരുന്ന 3 വിഭാഗങ്ങൾ – ക്ലർക്കുകൾ , മിലിട്ടറി & ഫാക്ടറി തൊഴിലാളികൾ എന്നിവരായിരുന്നു… വിദ്യാഭ്യാസ മേഖലയിൽ അതിനനുസരിച്ചുള്ള ഒരു സംവിധാനമാണ് അന്ന് വിഭാവനം ചെയ്തിരുന്നത്… അവിടെ സർഗ്ഗാത്മകതയേക്കാൾ,  നൽകുന്ന  നിർദ്ദേശങ്ങൾ അനുസരിച്ച് തെറ്റ് കൂടാതെ കാര്യങ്ങൾ ചെയ്യുന്ന കഴിവാണ് വേണ്ടിയിരുന്നത്….. എന്നാൽ കാലം കുറേ മുന്നോട്ട് പോയെങ്കിലും ആ സംവിധാനത്തിൽ ഇന്നും കാര്യമായി മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നത് നിർഭാഗ്യകരമാണ്….

പ്രശസ്ത ഫ്യൂച്ചറിസ്റ് ആയ ജേഡ് ലിയോണാർഡ് ന്റെ അഭിപ്രായത്തിൽ അടുത്ത  20  വർഷങ്ങൾ കഴിഞ്ഞ 300 വർഷങ്ങളെക്കാളും മാറ്റങ്ങൾ കൊണ്ടുവരും . ഇപ്പോഴുള്ള

കമ്പ്യൂട്ടറുകൾ  നമ്മൾ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുന്ന വെറും യന്ത്രങ്ങൾ മാത്രമല്ലെന്ന് അറിയാമല്ലോ , അവരും  നമ്മെപ്പോലെ  കാണുന്നു, ശ്രദ്ധിക്കുന്നു, വായിക്കുന്നു, പഠിക്കുന്നു, ചിന്തിക്കുന്നു.

ഇന്ന് സയൻസ് ഫിക്ഷൻ  എന്ന്  പറയുന്നത് സയൻസ്  വസ്തുതയായി മാറുകയാണ്.

പ്രത്യേകിച്ച് പുതുമയൊന്നും ഇല്ലാതെ റൂട്ടീൻ ജോലി മാത്രമായി മുന്നോട്ട് പോകുന്ന  പല മേഖലകളിലും  ഓട്ടോമേഷൻ ചെയ്യാനുള്ള  സാധ്യത കൂടുതലാണ്

Searching, invoicing, filing, organising, checking, updating, monitoring തുടങ്ങിയ വർക്കുകൾ വരുന്ന മേഖലകൾ ഒക്കെ എളുപ്പത്തിൽ യന്ത്രവത്കൃതമാകാൻ സാധ്യത ഉണ്ട്. യാന്ത്രികമാക്കാനോ ഡിജിറ്റൈസ് ചെയ്യാനോ വിർച്വലൈസ് ചെയ്യാനോ കഴിയുന്ന എന്തും വലിയ മാറ്റത്തിന് വിധേയമായിരിക്കും

ഇപ്പോൾ പല മേഖലയിലും ഉള്ള  കുറച്ച് സാങ്കേതിക പരിമിതികൾ അടുത്ത 15 വർഷത്തിനുള്ളിൽ ഫലത്തിൽ അപ്രത്യക്ഷമാകും. പരിധിയില്ലാത്ത പ്രോസസ്സിംഗ് പവർ സങ്കൽപ്പിക്കുക . തത്സമയ ഡാറ്റയിലേക്കുള്ള ആഗോള ആക്‌സസ്. ഇത് രണ്ടും ലോകത്തെ തന്നെ മാറ്റിമറിക്കും.

അതിനാൽ ഒരു റോബോട്ട് പോലെ പ്രവർത്തിക്കുന്നതിന് ഭാവിയില്ല. നാം മനുഷ്യരാകേണ്ടിയിരിക്കുന്നു..നമുക്ക് മാത്രം സാധിക്കുന്ന കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

മനുഷ്യർക്ക് അപ്രതീക്ഷിത സംഭവങ്ങൾ,മൂല്യബോധം, സ്നേഹബന്ധങ്ങൾ,  സങ്കീർണ്ണമായ വെല്ലുവിളികൾ, അവബോധം, മെച്ചപ്പെടുത്തൽ എന്നിങ്ങനെ പല കാര്യങ്ങളും ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയും.നമുക്ക് മാത്രമായുള്ള സർഗ്ഗാത്മകത ഉപയോഗിച്ച് നമുക്ക്  സങ്കീർണ്ണതയെ പരാജയപ്പെടുത്താൻ കഴിയും

ഒരു കമ്പ്യൂട്ടറിന് എളുപ്പമുള്ള പലതും  മനുഷ്യർക്ക് ബുദ്ധിമുട്ടാണ്. നേരെ മറിച്ചും

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജോലിസ്ഥലത്തെ പകുതിയിലധികം ജോലികളും മെഷീനുകൾ നിർവഹിക്കും. നമുക്കറിയാവുന്ന പല ജോലികളും നിലനിൽക്കില്ല. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2020 ലെ നാളത്തെ തൊഴിലുകളെക്കുറിച്ചുള്ള റിപ്പോർട്ട് ഓട്ടോമേഷന്റെ സ്വാധീനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഒരു സന്തോഷ വാർത്ത ഈ ഗവേഷണങ്ങൾ  ശരിയാണെങ്കിൽ, നഷ്ടപ്പെട്ടതിനേക്കാൾ ഇരട്ടി പുതിയ ജോലികൾ ഉയർന്നുവരാൻ പോകുന്നു. അതിനായി പ്രത്യേക സ്കിൽ സ് നമുക്ക് വേണമെന്ന് മാത്രം.. ഇവിടെ ഇന്നത്തെ വിദ്യാഭ്യാസ മേഖലക്ക് ഉള്ള വലിയ വെല്ലുവിളി നിലവിൽ ഇല്ലാത്ത എന്നാൽ വരാൻ പോകുന്ന തൊഴിൽ മേഖലകളിൽ പ്രവർത്തിക്കാൻ പര്യാപ്തമായ ചെറുപ്പക്കാരെ ഒരുക്കുക എന്നതാണ്…

ഫ്രേ – ഓസ്‌ഫോൺ ടീമിന്റെ ഗവേഷണ റിപ്പോർട്ട് പ്രകാരം അടുത്ത 20 വർഷത്തിനുള്ളിൽ നിർമ്മിതബുദ്ധിയുടെ അതിപ്രസരം മൂലം ഓരോ മേഖലയിലെയും തൊഴിൽ നഷ്ടത്തിന്റെ ശതമാനകണക്ക് താഴെ പറയും വിധം ആയിരിക്കും.

1) Telemarketers -99%

2) Accountants and auditors -94%

3) Retail sales persons -92%

4) Technical writers – 89%

5) Real estate – 86%

6) Word processors and typists – 81%

7) Machinists – 65%

8) Commercial pilots -55%

9) Economists -43%

10) Health technologists – 40%

11) Film industry – 37%

12) Firefighters- 17%

13) Editors -6%

14) Chemical engineers -2%

15) Athletic trainers – 0.7%

16) Dentists – 0.4%

17) Recreational therapists – 0.3%

മാറ്റങ്ങൾക്ക് അനുസരിച്ച് തൊഴിൽ മേഖലകളെ ഇവിടെ പറയും വിധം  നാലായി തരാം തിരിക്കാം

1) *CONTEMPORARY  COURSES* – കാലങ്ങളായി നമ്മുടെ കോളേജുകളിൽ ഓഫർ ചെയ്യുന്ന Usual കോഴ്‌സുകൾ ( Arts, science, commerce, engg)

2) *TRENDING  COURSES*  – നിലവിൽ പഠിച്ചിറങ്ങുന്നവർക്ക് വളരെയധികം സാധ്യത കല്പിക്കുന്ന കോഴ്‌സുകൾ  (AI, ML, RPA, VR & AR, Cyber security, Block chain, IoT , Cloud computing, Digital marketing etc)

3) *FUTURISTIC COURSES*  – ഭാവിയിൽ വൻ സാധ്യത വരാൻ പോകുന്ന കോഴ്‌സുകൾ

( AI Specialist, Data scientist, Big Data Developer, Business intelligence developer, Green marketers, AI Based healthcare equipments manufacturer , Talent acquisition specialist,   life coach etc)

4) *DECLINING  COURSES*  – ടെക്നോളജി യുടെ അതിപ്രസരം മൂലം സാവധാനം സാധ്യത കുറഞ്ഞു വരുന്ന കോഴ്‌സുകൾ

( Telemarketing, technical writers, clerical, accountancy etc)

WEF ന്റെ 2020  ലെ  വരുംകാല തൊഴിലുകളെകുറിച്ചുള്ള റിപ്പോർട്ടിൽ തൊഴിൽ മേഖലകളെ ഇവിടെ പറയും വിധം ഏഴായി തരം  തിരിച്ചിട്ടുണ്ട്

1) Care economy

2) Data and AI

3) Engineering and cloud computing

4) Green economy

5) People and culture

/6) Product development

7) Sales, Marketing and Content

ഇതിൽ ഓരോ മേഖലയിലും ഉൾപ്പെടുന്ന തൊഴിലുകൾ അവയ്ക്ക് വേണ്ട നൈപുണ്യങ്ങൾ എന്തെല്ലാമെന്ന് അടുത്ത ലേഖനങ്ങളിൽ വിശദമായി നൽകാം.

എന്തായാലും ഒരു കാര്യം ഉറപ്പിക്കാം . നിർമ്മിതബുദ്ധി മനുഷ്യബുദ്ധിയെ കണ്ടുമുട്ടുമ്പോൾ അത് പല  പതിവ് ജോലികളുടെയും  അവസാനം ആകും. പക്ഷെ അത് മനുഷ്യയുഗത്തിന്റെ അവസാനം ആകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. മറിച്ച്  മനുഷ്യജീവിതത്തിന്റെ യഥാർത്ഥ അർത്ഥതലങ്ങളിലേക്കുള്ള പ്രയാണത്തിൻ്റെ ആരംഭം ആകും. നമുക്ക് മാത്രമുള്ള സവിശേഷതകൾക്ക് മൂല്യമേറും.

അതിനാൽ  മെച്ചപ്പെട്ട റോബോട്ടുകളല്ല, മെച്ചപ്പെട്ട മനുഷ്യരായി നാം സ്വയം മാറിയേ തീരൂ.. സയൻസ്, ടെക്നോളജി എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവയിൽ ശക്തമായ കഴിവുകൾ അനിവാര്യമായേക്കാം , പക്ഷേ മാനവികത, ധാർമ്മികത, മൂല്യങ്ങൾ, സർഗ്ഗാത്മകത, ഭാവന എന്നിവയിൽ മികവ് കൈവരിക്കുന്നതിന്  ഒരുപടി കൂടെ പ്രാധാന്യമേറും

എപ്പോഴും ഒരു കാര്യം മനസ്സിൽ ഓർക്കാം – “നാം റോബോട്ടുകളല്ല, മനുഷ്യരാണ്”

– ഗോപകുമാർ പട്ടാമ്പി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top