എല്ലാവരെയും പ്രവർത്തനങ്ങളിലേക്ക് നയിക്കുന്നത് ആഗ്രഹങ്ങളാണ്…
ഒരു ആഗ്രഹവുമില്ലാതെ നമുക്ക് എങ്ങനെ പ്രവർത്തിക്കാനാകും? കിടക്കയിൽ നിന്ന് ഇറങ്ങാനും , ജോലിക്ക് പോകാനും , എന്തിന് നാം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും ആഗ്രഹങ്ങളാണ് നമ്മെ പ്രേരിപ്പിക്കുന്നത്.
ഓരോ പ്രവർത്തനത്തിലും മനസ്സ് എല്ലാം ഗ്രഹിക്കുകയും റെക്കോർഡുചെയ്യുകയും ചെയ്യുന്നു. ഈ മെമ്മറിയെ അടിസ്ഥാനമാക്കി, നാം ചില പ്രവണതകൾ വികസിപ്പിക്കുന്നു. ഈ പ്രവണതകളുടെ പരമ്പരാഗത പദം *വാസന* എന്നാണ്.
വാസന എന്നാൽ സൂക്ഷ്മ രൂപത്തിലുള്ള ആഗ്രഹങ്ങൾ എന്നൊക്കെ പറയാം… മനസ് എന്ന തടാകത്തിലെ തരംഗങ്ങളാണ് വാസനകൾ..
വാസന എന്നാൽ സുഗന്ധം എന്നാണ് അർത്ഥമാക്കുന്നത്. ..നമ്മുടെ വാസനകൾക്ക് അനുസരിച്ച് നാം പലതരം ജീവിത സാഹചര്യങ്ങളിലേക്ക് നീങ്ങുന്നു.
കമ്പ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ എത് ഹാർഡ് വെയറിനും പ്രവർത്തിക്കാൻ മുൻകൂട്ടി എഴുതപ്പെട്ട ഒരു സോഫ്റ്റ് വെയർ വേണം..ഇത് പോലെ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നാം അറിയാതെ ഒരു സോഫ്റ്റ് വെയർ എഴുതുകയാണ്… അതിനനുസരിച്ച് നാം പെരുമാറുകയും പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നു…
നമ്മിൽ ഓരോരുത്തരിലുമുള്ള ഈ വാസനകൾ, ഭൂതകാലത്തിൽ നിന്ന് ശേഖരിച്ച്, അവയുടെ ആവിഷ്കാരത്തിലേക്ക് നീങ്ങുന്നു…
ആദ്യം ബുദ്ധിയിലെ ഒരു ‘ആഗ്രഹം’, പിന്നെ മനസ്സിൽ ഒരു ‘ചിന്ത’, അവസാനമായി ശരീര തലത്തിൽ ഒരു ‘പ്രവൃത്തി’ ..
ഒരു ചിന്ത മനസ്സിലൂടെ കടന്നുപോകുമ്പോൾ അത് ഉപബോധമനസ്സിൽ ഒരു ഇംപ്രഷൻ ഉണ്ടാക്കുന്നു ..അതേ ചിന്ത വീണ്ടും വീണ്ടും സംഭവിക്കുമ്പോൾ ആ ഇംപ്രഷൻ ക്രമേണ ശക്തമാകുന്നു.., പിന്നീട് ആ ചിന്ത നാം വിചാരിക്കാതെ തന്നെ നമ്മുടെ മനസ്സിൽ ഇടക്കിടെ ആവർത്തിക്കുകയും ചെയ്യുന്നു. ഉപബോധമനസ്സിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇത്തരം ഇംപ്രഷനുകളുടെ കൂട്ടം ഒരു വിത്ത് പോലെ രൂപമെടുക്കുകയും മരിക്കുമ്പോൾ അടുത്ത ജന്മത്തിലേക്ക് വാസനകളോ പൂർവസംസ്കാരങ്ങളോ ഒളിഞ്ഞിരിക്കുന്ന പ്രവണതകളോ ആയി കാരണ ശരീര രൂപത്തിൽ കൊണ്ടുപോകുന്നു. അവ അടുത്ത ജന്മത്തിൽ യഥാസമയം ഹൃദയത്തിൽ നിന്ന് മുളപൊട്ടുന്നു . അവ ക്രമേണ വ്യക്തിയുടെ സ്വഭാവം നിർണ്ണയിക്കുന്നു…ഈ വാസനകൾ കേവലം മനസ്സിന്റെ തലത്തിൽ മാത്രം വസിക്കുന്നതല്ല – ഇത് കൂടുതൽ മനസിലാക്കാൻ, പുനർജന്മത്തെക്കുറിച്ച് നാം അറിയേണ്ടതുണ്ട്, അതില്ലാതെ വാസനകളെക്കുറിച്ചുള്ള പഠനം അപൂർണ്ണമാണ്.
ഈ ജീവിതകാലം മുതൽ മാത്രമല്ല, മുൻ ജീവിതകാലത്തെ ഇംപ്രഷനുകളുടെ ഫലം കൂടിയാണ് വാസനകൾ. ഭൗതിക ശരീരത്തിന് മാത്രമേ മരണം ബാധകമാകൂ. മരണസമയത്ത് ആത്മാവ് ശരീരത്തിൽ നിന്ന് പുറത്തുപോകുന്നു..
സ്ഥൂല ശരീരത്തിന് മാത്രമേ നാശമുള്ളൂ….സൂക്ഷ്മ (മനസ്സ് + ബുദ്ധി ), കാരണ ശരീരങ്ങൾക്ക് നാശമില്ല….ശരീരത്തിലെ എല്ലാ വാസനകളും സൂക്ഷ്മ കാരണ ശരീരത്തിൽ അടങ്ങിയിരിക്കും…. കാരണ ശരീരത്തിൽ മുൻജന്മങ്ങളിൽ നിന്നായി സംഭരിച്ചിരിക്കുന്ന എല്ലാ വാസനകളും ഉണ്ടാകും…അതായത് ഈ ജീവിതകാലത്തെ എല്ലാ ഇംപ്രഷനുകളും മുൻകാല ജീവിതങ്ങളിൽ നിന്നുള്ള ഇംപ്രഷനുകളുടെ കൂട്ടത്തിലേക്ക് പോകുന്നു…
പിന്നീട് മറ്റൊരു ജന്മം എടുക്കാൻ ആത്മാവ് തീരുമാനിക്കുന്നു (പുനർജന്മം). എന്തുകൊണ്ട്? എല്ലാ ആഗ്രഹങ്ങളെയും നയിക്കുന്ന വാസനകളെ ഇല്ലായ്മ ചെയ്യാൻ…. അടുത്ത ജന്മത്തിൽ അനുഭവിച്ച് തീർക്കേണ്ട കർമ്മഫലങ്ങൾക്കനുസരിച്ചുള്ള വാസനകൾ പ്രകടമാക്കാൻ സാധിക്കുന്ന ഒരു ശരീരത്തിൽ പ്രവേശിക്കുന്നു… തുടർന്ന് അത്തരം ജീവിതം നയിക്കുന്നു…
ചുരുക്കി പറഞ്ഞാൽ – ഈ വ്യത്യസ്തതക്ക് കാരണം
തലമുറകളായി ജീനുകളിലൂടെ ലഭിച്ചതും / ജന്മനാ പുതിയ തായി ലഭിച്ചതും / സാഹചര്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ഉള്ളിലുറച്ചതും ആയ വാസനകൾക്കനുസരിച്ച് താൽപര്യങ്ങൾ രൂപപ്പെടുന്നു… അതിനനുസരിച്ച് ചിന്തകൾ & പ്രവർത്തികൾ…
ജന്മജന്മാന്തരങ്ങളായുള്ള എല്ലാ പ്രവൃത്തികളുടെയും ഫലങ്ങളും, അനന്തരഫലങ്ങളും, അവയുമായി ബന്ധപ്പെട്ട ഇംപ്രഷനുകളും (വാസനകൾ) എല്ലാം ചേർന്ന ആ കർമ്മത്തിൻ്റെ ചങ്ങലയെ സഞ്ചിത കർമ്മം എന്നറിയപ്പെടുന്നു…ഒരു പ്രത്യേക ജൻമത്തിൽ ഒരു ജീവിതകാലത്ത് പ്രവർത്തിക്കാൻ ഈ വാസനകളുടെ ബാങ്കിൽ നിന്ന് തിരഞ്ഞെടുക്കുന്നതിനെ പ്രാരബ്ദ കർമ്മം എന്ന് വിളിക്കുന്നു…ഒരു പ്രത്യേക ജീവിതകാലത്ത് കൂടുതൽ വാസനകളുടെ ശേഖരണം (എല്ലാം തീർന്നുപോകുന്നതിനുപകരം) ആഗമ കർമ്മത്തിന് കാരണമാകുന്നു, അത് സഞ്ചിത കർമ്മത്തിലേക്ക് ചേർക്കപ്പെടുന്നു.
എപ്പോഴാണ് ഈ വാസനകളുടെ / കർമ്മങ്ങളുടെ ചക്രം അവസാനിക്കുന്നത്? ഒരാൾക്ക് മോഹങ്ങൾ ഇല്ലാതാകുമ്പോൾ. മോഹ ക്ഷയം അഥവാ മോക്ഷം ലഭിക്കുമ്പോൾ….ജനനമരണത്തിന്റെ ഈ അനന്തമായ ചക്രത്തിൽ നിന്ന് പുറത്തു കടക്കുന്നതാണ് മോക്ഷം … അത് ആഗ്രഹങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. ഒരാളുടെ യഥാർത്ഥ ദിവ്യത്വം അപ്പോഴാണ് മറനീക്കി പുറത്തുവരുക.. ഇത് പുസ്തകങ്ങളിലൂടെ നേടേണ്ട അറിവല്ല, മറിച്ച് മനസ്സിനും ബുദ്ധിക്കും അതീതമായ അനുഭവതലമാണ്…. ഒരു മനുഷ്യന് മാത്രമേ ഇത്തരം ചിന്താശേഷി ഉള്ളൂ…. ബോധപൂർവം പ്രവർത്തിക്കാനാകൂ…. അതിനാൽ മനുഷ്യജന്മത്തിലൂടെ മാത്രമേ മോക്ഷം നേടാൻ കഴിയൂ,… അതിനാലാണ് മനുഷ്യനായി ജനിക്കുന്നത് ഒരു വലിയ പദവിയായി കണക്കാക്കുന്നത്..
താഴെ പറയുന്ന നാല് വിഭാഗങ്ങളും മോഹങ്ങളുടെ സാർവത്രികതയെ വിവരിക്കുന്നു
1. ധർമ്മം – ലക്ഷ്യബോധമുള്ള ജീവിതം നയിക്കാനും ഒരാളുടെ ഗുണങ്ങൾക്കനുസരിച്ച് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനുമുള്ള ആഗ്രഹം.
2. അർത്ഥം – അടിസ്ഥാന ആവശ്യങ്ങൾ , ഭക്ഷണം, പാർപ്പിടം, വസ്ത്രം, ഭൗതിക സമ്പത്ത് / വിഭവങ്ങൾ എന്നിവയ്ക്കുള്ള ആഗ്രഹം.
3. കാമം – ഇന്ദ്രിയാനുഭവങ്ങൾ നിറവേറ്റാനുള്ള ആഗ്രഹം – കല, സംഗീതം, സൗന്ദര്യം, ലൈംഗികത തുടങ്ങിയവ
4. മോക്ഷം – വിമോചനത്തിനുള്ള ആഗ്രഹം, മുകളിൽ പറഞ്ഞ മൂന്ന് വിഭാഗങ്ങളിൽ ഉള്ള ആഗ്രഹങ്ങളെ മറികടക്കുക.
ഇതിൽ നാം ഓരോരുത്തരും ഏത് വിഭാഗത്തിന് പ്രാധാന്യം കൊടുക്കുന്നു എന്നത് നമ്മുടെ തനതായ വാസനകളെ ആശ്രയിച്ചിരിക്കുന്നു…. എന്നാൽ
പട്ടിണി കിടക്കുന്ന ഒരു വ്യക്തി ഭക്ഷണത്തിനായി കൊതിക്കുന്നു…അവന് മുന്നിൽ മോക്ഷത്തെക്കുറിച്ചുള്ള ചിന്തയല്ല പ്രബലമാവുക…
എന്നാൽ ഒരാൾ ഭക്ഷണം, പാർപ്പിടം, വസ്ത്രം, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുമ്പോൾ പിന്നീടവനുള്ളിൽ അംഗീകാരങ്ങൾക്കും, ഇന്ദ്രിയസുഖങ്ങൾ തൃപ്തിപ്പെടുത്തുന്നതിനും സ്വാഭാവികമായ ഒരു പ്രേരണയുണ്ടാകും…. അതിനാൽ, ഒരാളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ, അവർക്ക് ധ്യാനിക്കാനോ , മോക്ഷത്തേ ആഗ്രഹിക്കാനോ സാധിച്ചെന്ന് വരില്ല.
അർത്ഥ കാമങ്ങളിൽ നയിക്കപ്പെടുന്ന ഒരാൾക്ക് മനുഷ്യജീവിതത്തിന്റെ ആഴമേറിയ ലക്ഷ്യം (മോക്ഷം) കണ്ടെത്താനുള്ള സമയമോ താൽപ്പര്യമോ ഉണ്ടാകില്ല.
കൂടാതെ, ഒരാൾ ധർമ്മാർത്ഥ കാമങ്ങൾ ഒരു പരിധി വരെ അനുഭവിച്ചിട്ടില്ലെങ്കിൽ മോക്ഷം നേടാൻ കഴിയില്ല.
പ്രധാനമായും, മോക്ഷത്തിലേക്ക് പുരോഗമിക്കുന്നതിന് ഒരാളുടെ എല്ലാ വാസനകളും തീർന്നുപോകണം.
അധാർമ്മികമായ പ്രവർത്തനങ്ങൾ ദുർവാസനകളുടെ പുതിയ കൂട്ടം സൃഷ്ടിക്കുന്നു… തൽഫലമായി ആഗ്രഹങ്ങളുടെ പട്ടികയിൽ മോക്ഷത്തിൻ്റെ സ്ഥാനം കൂടുതൽ താഴേക്ക് പോകുന്നു. ഒരാൾ സ്വധർമ്മത്തെ കൃത്യമായി ബോധപൂർവ്വം ആചരിക്കുന്നതിലൂടെ ഈ വാസനകളാൽ നയിക്കപ്പെടുന്ന ജനനമരണചക്രത്തിൽ നിന്ന് ക്രമേണ മോക്ഷത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നു.. അപ്പോൾ സാത്വിക മോഹങ്ങൾക്ക് പ്രാധാന്യം ഏറുന്നു.
ഈ പാത എല്ലാവരും കടന്നുപോകേണ്ട ഒന്നാണെങ്കിലും, ഈ പാതയിലുള്ള പുരോഗതി ഓരോരുത്തർക്കും വ്യത്യസ്തമാണ്….ഇത് നിരവധി ജന്മജൻമാന്തരങ്ങളിലൂടെ സംഭവിക്കുന്നു…
അതിനാൽ ബോധപൂർവം സത്ചിന്തകളെ നമുക്ക് തിരഞ്ഞെടുക്കാം… സത്ചിന്തകളിൽ നിന്ന് സത്കർമ്മങ്ങൾ…. സത്കർമ്മങ്ങൾ കൂടുതൽ സത്കർമ്മങ്ങൾ ചെയ്യാനുള്ള വാസനകളെ പ്രബലമാക്കും…. ആ യാത്ര നമ്മേ മനുഷ്യൻ്റെ പരമമായ ലക്ഷ്യമായ മോക്ഷത്തിലേക്ക് നയിക്കും..
– ഗോപകുമാർ