ഹൈപ്പർമാർക്കറ്റുകളിൽ നാം എല്ലാവരും പോയിട്ടുണ്ടാകും..പ്രത്യേകിച്ച് എന്തൊക്കെ സാധനങ്ങൾ വാങ്ങണം എന്ന് ഒരു ഏകദേശ ധാരണ പോലുമില്ലാതെ ഒരു വലിയ ഹൈപ്പർമാർക്കറ്റിൽ പോയാലുള്ള ഒരു അവസ്ഥ ഒന്നാലോചിച്ചേ… ഓരോ സാധനങ്ങൾ കണ്ടും , എടുത്തു നോക്കിയും അങ്ങനെ കുറേ സമയം പോകും… മാത്രമല്ല, ചിലപ്പോൾ ആവശ്യമില്ലാത്ത പല സാധനങ്ങൾ വാങ്ങിക്കൂട്ടുകയും ചെയ്യും….
ഇതു പോലെയാണ് ഇന്ന് കാണുന്ന പല കരിയർ ക്ലാസ്സുകളിലും ഇരിക്കുന്ന കുട്ടികളുടെ അവസ്ഥ… തൻ്റെ വ്യക്തിത്വത്തിനനുസരിച്ച് ഏറ്റവും ശോഭിക്കാൻ പറ്റുന്ന തൊഴിൽ മേഖലകൾ ഏതാണെന്ന് ഒരു ചെറിയ ധാരണ പോലുമില്ലാതെ ഒരു നൂറ് കോഴ്സുകളെക്കുറിച്ച് കേട്ടാലുള്ള ഒരവസ്ഥ ചിന്തിക്കാവുന്നതേയുള്ളൂ… അവർ കൂടുതൽ കൺഫ്യൂസ് ആകും… ഇതിനർത്ഥം മുൻപിലുള്ള കരിയർ ഓപ്ഷൻസിനേക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ കൊടുക്കേണ്ട എന്നല്ല.. തീർച്ചയായും തനിക്ക് മുൻപിലുള്ള സാധ്യതകളേക്കുറിച്ച് ഒരു കുട്ടി അറിയണം… പക്ഷെ ഇവിടെ മാറ്റം വരേണ്ടത് 2 കാര്യങ്ങളിലാണ്…
1) പ്ലസ് ടു അല്ലെങ്കിൽ പത്താം ക്ലാസ്സ് കഴിഞ്ഞ് പുതിയൊരു കോഴ്സിന് ജോയിൻ ചെയ്യാൻ തിരക്കിട്ട സമയത്ത് അല്ല എല്ലാ കോഴ്സുകളെയും കുറിച്ചുള്ള ബോധവൽക്കരണം ചെയ്യേണ്ടത്..മറിച്ച് ഒരു കുട്ടി ഹൈസ്കൂൾ ക്ലാസ്സുകളിലേക്ക് മാറുമ്പോഴേങ്കിലും ,കുറച്ച് കുറച്ചായി വിവിധ തൊഴിലുകളേക്കുറിച്ചും, മാറുന്ന തൊഴിൽ ലോകത്തേക്കുറിച്ചുമൊക്കെയുള്ള നിരന്തര ചർച്ചകളും ,ക്ലാസ്സുകളും എല്ലാം കുട്ടികൾക്ക് നൽകണം…
2) പുറത്ത് നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും , കരിയർ സാധ്യതകളെക്കുറിച്ചുമെല്ലാം അറിവുകൾ നൽകുന്നതിനോടൊപ്പം ഒരോ കുട്ടിയുടെയും വ്യക്തിത്വത്തെ അടുത്തറിയാനും, അവൻ്റെ പാഷനെ തിരിച്ചറിയാനും വേണ്ട സഹായങ്ങൾ ചെയ്യണം… വെറും ഒരു
സൈകോമെട്രി ടെസ്റ്റ് നടത്തി അതിൻ്റെ റിസൾട്ടിനെ മാത്രം അടിസ്ഥാനമാക്കി ഒരു കുട്ടിയേയും വിലയിരുത്തരുത്… അത് ഒരു ആദ്യ സ്റ്റെപ്പ് മാത്രം.. മറിച്ച് ക്രമേണ ആ കുട്ടിയുടെ വ്യക്തിത്വത്തെ അടുത്തറിയാൻ അവനെ സ്വയം പ്രാപ്തരാക്കണം.. ഇതിന് വർഷങ്ങൾ സമയമെടുക്കും… അവിടെയാണ് നല്ല കരിയർ കോച്ചുകളുടെയും, മെൻ്റർമാരുടെയും, സൈക്കോളജിസ്റ്റുമാരുടെയും, അദ്ധ്യാപകരുടേയും എല്ലാം യഥാർത്ഥ റോൾ…..
ഈ 2 വലിയ മാറ്റങ്ങളും വന്നാൽ ,നമ്മുടെ കോളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന ഓരോ കുട്ടിയും അവന് ഏറ്റവും തിളങ്ങാൻ പറ്റിയ ഒരു കരിയറിൽ എത്തിപ്പെടും എന്നതിൽ തർക്കമില്ല….
– ഗോപകുമാർ